ഇതൊന്നും ഇന്ത്യൻ സംസ്‌കാരമല്ലെന്ന് മോഹൻ ഭാഗവത്

ന്യൂഡൽഹി: സ്വയം സേവകർക്ക് പുതിയ ഉപദേശവുമായി ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ ആർഎസ്എസ് പ്രവർത്തിക്കണമെന്നാണ് സംഘപരിവാർ പ്രവർത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തത്. ആൾക്കൂട്ടക്കൊലകൾ ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും രാജ്യത്തിന്റെ ചില ഭാഗങ്ങളിലുണ്ടാകുന്ന സംഭവങ്ങളെ ഇത്തരത്തിൽ വിശേഷിപ്പിക്കുന്നത് രാജ്യത്തെ അപമാനിക്കാനുള്ള ശ്രമമാണെന്നും മോഹൻ ഭാഗവത് പറഞ്ഞു. ആൾക്കൂട്ട ആക്രമണങ്ങൾ നടത്തുന്നവരെ സംഘം അനുകൂലിച്ചിട്ടില്ലെന്നും സ്വയം സേവകർ ഇത്തരം ആക്രമണങ്ങൾക്കെതിരായി പ്രവർത്തിക്കണമെന്നും നാഗ്പുരിലെ ആസ്ഥാനത്ത് വിജയദശമി പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. എത്ര പ്രകോപനമുണ്ടായാലും നിയമവ്യവസ്ഥയെ ബഹുമാനിച്ചാണു മുന്നോട്ടുപോകുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ജാതിയുടെയും ഭാഷയുടെയും മറ്റും പേരിൽ സ്വാർത്ഥ താൽപര്യക്കാർ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. അതിനിടയ്ക്ക്, ഒരു വിഭാഗത്തെ മറ്റൊരു കൂട്ടർ ആക്രമിക്കുന്നതായ വാർത്തകൾ വരുന്നു. പലതും കെട്ടിച്ചമച്ചതോ വളച്ചൊടിച്ചതോ ആണ്. എന്തു തന്നെയായാലും ഈ അക്രമങ്ങൾ നിയമവിരുദ്ധമാണ്. ഇത് സമുദായങ്ങൾ തമ്മിലുള്ള ബന്ധത്തെ ഇല്ലാതാക്കുന്നു. എത്ര പ്രകോപനമുണ്ടായാലും നിയമവ്യവസ്ഥയെ ബഹുമാനിച്ചാണു മുന്നോട്ടുപോകേണ്ടത്.

ഹിന്ദുക്കളെ സംഘടിപ്പിക്കുകയും മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ സംഘം എതിർക്കുകയും ചെയ്യുന്നു എന്നു ചിലർ പ്രചരിപ്പിക്കുന്നു. സംഘത്തെ അടുത്തറിയാത്തവർക്കിടയിൽ അത് അവിശ്വാസവും ഭയവുമുണ്ടാക്കുന്നു. സ്വഭാഷ, സ്വഭൂഷ (സ്വന്തം വസ്ത്രം), സ്വസംസ്‌കൃതി (സ്വന്തം സംസ്‌കാരം) എന്നിവയെക്കുറിച്ചു പൂർണ്ണവിവരം തരുന്ന വിദ്യാഭ്യാസരീതിയാണു നാടിന് ആവശ്യമെന്നും ഭാഗവത് പറഞ്ഞു.

Exit mobile version