വ്യോമസേനാ ദിനം: മിഗ് 21 ബൈസണ്‍ വിമാനങ്ങളുടെ അഭ്യാസപ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കി അഭിനന്ദന്‍ വര്‍ദ്ധമാന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ 87ാം വാര്‍ഷിക ദിനാഘോഷം ഹിന്‍ഡണ്‍ എയര്‍ ബേസില്‍ വിപുലമായ പരിപാടികളോടെ നടന്നു. പരേഡില്‍ മിഗ് 21 ബൈസണ്‍ യുദ്ധവിമാനങ്ങള്‍ കൊണ്ടുള്ള അഭ്യാസപ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കി വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഹിന്ദോണ്‍ എയര്‍ബേസില്‍ നടന്ന വ്യോമസേനാദിന പരേഡിലാണ് മൂന്ന് മിഗ് 21 ബൈസണ്‍ യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെട്ട അഭ്യാസ പ്രകടനങ്ങള്‍ക്ക് അഭിനന്ദന്‍ നേതൃത്വം നല്‍കിയത്.

വ്യോമസേനാ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ഭദൗരിയ ആയിരുന്നു 87-ാമത് വ്യോമസേനാദിന പരിപാടികളുടെ മുഖ്യാതിഥി. കരസേനാ മേധാവി ബിപിന്‍ റാവത്ത്, നാവികസേനാ മേധാവി കരംബീര്‍ സിങ് എന്നിവരും പരേഡ് കാണാനെത്തിയിരുന്നു.


കൂടാതെ, ബലാകോട്ട് വ്യോമാക്രമണത്തില്‍ പങ്കെടുത്ത ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ സൗമിത്ര തമസ്‌കാര്‍, ഹേമന്ത് കുമാര്‍ എന്നിവരും വ്യോമസേനാദിന പരേഡില്‍ പങ്കെടുത്തു. മൂന്ന് ജാഗ്വാര്‍ യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെട്ട അഭ്യാസപ്രകടനത്തില്‍ സൗമിത്ര പങ്കാളിയായി. മൂന്ന് മിറാഷ് 2000 യുദ്ധവിമാനങ്ങളുടെ അഭ്യാസപ്രകടനത്തിന് ഹേമന്ത് കുമാര്‍ നേതൃത്വം നല്‍കി.

ജയ്ഷെ മുഹമ്മദിന്റെ പാകിസ്ഥാനിലെ ഭീകരന്മാര്‍ ഫെബ്രുവരി 14ന് നടത്തിയ ആക്രമണത്തിന് ബദലായിട്ടാണ് ഇന്ത്യ ഫെബ്രുവരി 27ന് ബലാക്കോട്ടില്‍ പ്രത്യാക്രമണം നടത്തിയത്. ആക്രമണത്തില്‍ അഭിനന്ദന്റെ മിഗ് 21 യുദ്ധ വിമാനം തകരുകയും അദ്ദേഹം പാകിസ്ഥാന്റെ പിടിയിലാകുകയും ചെയ്തു. ഇന്ത്യയുടെ ശക്തമായ ഇടപെടലില്‍ മാര്‍ച്ച് ഒന്നിന് അഭിനന്ദനെ പാകിസ്ഥാന്‍ കൈമാറുകയായിരുന്നു.

Exit mobile version