പാരീസ്: വിവാദങ്ങള്‍ക്കും രാഷ്ട്രീയപ്പോരുകള്‍ക്കും ഒടുവില്‍ റഫാല്‍ യുദ്ധവിമാനം ഇന്ത്യക്ക് സ്വന്തമായി. വ്യോമസേനയ്ക്കായി വാങ്ങുന്ന ആദ്യ റഫാല്‍ വിമാനം പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ്ങ് ഫ്രാന്‍സിലെ മെറിഗ്‌നാക്കിലുള്ള ദസ്സോയുടെ കേന്ദ്രത്തിലെത്തി ഏറ്റുവാങ്ങി. ഈ ദിനം ചരിത്രത്തിന്റെ ഭാഗമാകുമെന്ന് റഫാല്‍ യുദ്ധവിമാനം ഏറ്റുവാങ്ങുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
നവരാത്രി ആഘോഷത്തിന്റെ ഭാഗമായ ആയുധ പൂജയ്ക്ക് ശേഷമുള്ള ചൊവ്വാഴ്ചയാണ് രാജ്നാഥ് സിംഗ് നാട മുറിച്ച് വിമാനം ഏറ്റുവാങ്ങിയത്. അദ്ദേഹം വിമാനത്തിനുമേല്‍ ശസ്ത്ര പൂജ നടത്തുകയും ചെയ്തു.
യുദ്ധവിമാനങ്ങള്‍ക്കൊപ്പം അദ്ദേഹം നില്‍ക്കുന്നതിന്റെയും ഫ്രഞ്ച് സൈനിക വിമാനത്തില്‍ പാരീസില്‍ നിന്ന് മെറിഗ്‌നാക്കിലേക്ക് പറക്കുന്നതിന്റെയും ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനായാണ് ഫ്രാന്‍സുമായി ഇന്ത്യ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമായി. റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിക്കും. വ്യോമസേനയെ കാലംമാറുന്നതിനൊപ്പം നവീകരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. യുദ്ധ വിമാനത്തിന്റെ കാര്യത്തിലും ആയുധങ്ങളുടെ കാര്യത്തിലും ഇത്തരത്തിലുള്ള നവീകരണം ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി ചര്‍ച്ച നടത്തിയശേഷമാണ് രാജ്നാഥ് റഫാല്‍ വിമാനം ഏറ്റുവാങ്ങുന്നതിനായി മെറിഗ്‌നാക്കിലേക്ക് പോയത്. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുകയാണ് പ്രതിരോധമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
റഫാല്‍ യുദ്ധവിമാനത്തിന്റെ നിര്‍മ്മാതാക്കളായ ദസ്സോ ഏവിയേഷന്റെ പ്ലാന്റ് രാജ്നാഥ് സിങ് സന്ദര്‍ശിച്ചു. അതിനുശേഷം റഫാല്‍ യുദ്ധവിമാനം ഏറ്റുവാങ്ങി. ദസ്സറയുടെ ഭാഗമായി ആയുധപൂജ നടത്തുന്നതിനുള്ള ക്രമീകരണങ്ങളും അവിടെ ഒരുക്കിയിരുന്നു. വ്യോമസേനാ ദിനം പ്രമാണിച്ച് എല്ലാ വ്യോമസേനാംഗങ്ങളെയും അനുമോദിച്ചുകൊണ്ട് അദ്ദേഹം നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
Bonjour Paris!
Delighted to be in France. This great nation is India’s important strategic partner and our special relationship goes far beyond the realm of formal ties.
My visit to France is aimed at expanding the existing strategic partnership between both the countries.
— Rajnath Singh (@rajnathsingh) 7 October 2019