ന്യൂഡൽഹി: രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ താളംതെറ്റിച്ചത് 2016ലെ നോട്ട് നിരോധമാണെന്ന പഠന റിപ്പോർട്ടുമായി ഐഎംഎഫ് സംഘം. നോട്ട് നിരോധനം തൊഴിലവസരങ്ങളിൽ മൂന്ന് ശതമാനം ഇടിവുണ്ടാക്കിയതായും റിപ്പോർട്ട് പറയുന്നു. മലയാളിയും ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റുമായ ഗീതാ ഗോപിനാഥ് അടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്. വിനിമയത്തിലുളള 86 ശതമാനം കറൻസികളും നിരോധിച്ച ഒന്നാം മോഡി സർക്കാരിന്റെ തീരുമാനം രാജ്യത്തെ വ്യാപാര മേഖലയ്ക്കും ജനങ്ങൾക്കും കനത്ത ആഘാതമാണ് സൃഷ്ടിച്ചതെന്ന് പഠനം വ്യക്തമാക്കുന്നു. 2016 നവംബർ, ഡിസംബർ മാസങ്ങളിൽ സാമ്പത്തിക ഇടപാടുകൾ ഗണ്യമായി കുറഞ്ഞു. നോട്ട് നിരോധന തീരുമാനം രഹസ്യമായി കൈക്കൊണ്ടതിനാൽ ആർബിഐക്ക് വേണ്ടത്ര മുന്നൊരുക്കം നടത്താനായില്ലെന്നും പഠനം കുറ്റപ്പെടുത്തുന്നു.
സാമ്പത്തിക വിദഗ്ധയും ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റുമായ ഗീതാ ഗോപിനാഥ്, ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസർ ഗബ്രിയേൽ ഷോഡോറോ റീച്ച് എന്നിവരാണ് പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. തൊഴിലവസരങ്ങളിൽ 2 മുതൽ 3 ശതമാനം വരെ ഇടിവിന് നോട്ട് നിരോധനം വഴിവെച്ചതായി റിപ്പോർട്ടിലുണ്ട്.
നോട്ട് നിരോധനത്തിന് പിന്നാലെ പെട്ടെന്ന് പണലഭ്യതയിലുണ്ടായ കുറവ് വിപണിയെ വൻതോതിൽ ബാധിച്ചു. ബിസിനസ് സംരംഭങ്ങൾ പ്രതിസന്ധിയിലായി. സാമ്പത്തിക വളർച്ചയേയും നോട്ട് നിരോധനം ബാധിച്ചു. ആവശ്യമുളള നോട്ടുകൾ അച്ചടിക്കാൻ ആർബിഐക്കായില്ലെന്നും ഈ പഠനത്തിൽ വ്യക്തമാക്കുന്നു. അതേസമയം ഡിജിറ്റൽ പണമിടപാടുകൾ വർധിക്കുന്നതിന് നോട്ട് നിരോധനം സഹായിച്ചതായി റിപ്പോർട്ട് പറയുന്നു
Discussion about this post