ന്യൂഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതകമെന്ന് വാക്ക് ഉപയോഗിച്ച് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ഈ വാക്ക് പാശ്ചാത്യ നിര്‍മിതിയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ആള്‍ക്കൂട്ട കൊലപാതകമെന്ന വാക്ക് ഉപയോഗിക്കുന്നുണ്ടെന്നും മോഹന്‍ വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച വിജയദശമി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ അതിക്രമങ്ങളുമായി ബന്ധപ്പെട്ട ചില സംഭവങ്ങളെ ആള്‍ക്കൂട്ടക്കൊലപാതകം എന്ന് മുദ്ര കുത്തുന്നത് യഥാര്‍ത്ഥത്തില്‍ നമ്മുടെ രാജ്യത്തെയും ഹിന്ദു സമൂഹത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതിനും ചില സമുദായങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുന്നതിനുമാണ്.
ഒരു പ്രത്യേക മതത്തില്‌നിന്നാണ് ആ വാക്ക് ഉരുത്തിരിഞ്ഞത്. അത് ഇന്ത്യക്ക് മേല് അടിച്ചേല്പ്പിക്കാന് ശ്രമിക്കരുതെന്ന് മോഹന്‍ പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള സൗഹാര്‍ദ്ദത്തിനും ഐക്യത്തിനും സഹകരണത്തിനും വേണ്ടി പ്രവര്‍ത്തിക്കേണ്ടത് അത്യാവിശ്യമാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ സ്വയംസേവകര്‍ പഠിപ്പിക്കുന്നതെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.
രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാനുള്ള നിയമം കര്‍ശനമായി നടപ്പാക്കണം. പുറത്തു നിന്നുള്ള ശത്രുക്കളെ ഒരുകാലത്ത് എതിരിട്ട രീതിയിലാവരുത് രാജ്യത്തിനകത്ത് അഭിപ്രായവ്യത്യാസമുള്ളവരെ നേരിടേണ്ടതെന്നും ചര്‍ച്ചയും സംവാദവുമായിരിക്കണം ആര്‍എസ്എസ് പ്രവര്‍ത്തകരുടെ രീതിയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post