പാരിസ്: ഏറെ കോളിളക്കമുണ്ടാക്കിയെങ്കിലും ഒടുവിൽ റാഫേൽ വിമാനങ്ങൾ ഇന്ത്യ ഏറ്റുവാങ്ങുന്നു. ഇന്ത്യൻ വ്യോമസേനയ്ക്കായി ഫ്രാൻസ് നിർമ്മിച്ച 36 യുദ്ധ വിമാനങ്ങളിൽ ആദ്യത്തേതാണ് ഇന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഔദ്യോഗികമായി ഏറ്റുവാങ്ങുക. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്നാഥ് ഫ്രാൻസിൽ എത്തിയ വേളയിലാണ് ചടങ്ങ്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായും രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തും. വ്യോമ ദിനത്തോടനുബന്ധിച്ച് മെരിഗ്നാക് വ്യോമത്താവളത്തിൽ വെച്ചാണ് രാജ്നാഥ് സിങ് രാജ്യത്തിന്റെ വ്യോമശേഷി വർധിപ്പിക്കുന്ന ആദ്യ റാഫേൽ വിമാനം ഏറ്റുവാങ്ങുക.
റാഫേൽ ജെറ്റ് ഏറ്റുവാങ്ങുന്നതിന് മുമ്പായി അദ്ദേഹം ആയുധപൂജയും നടത്തും. ഏറ്റുവാങ്ങിയ ശേഷം രാജ്നാഥ് സിങ് യുദ്ധവിമാനത്തിൽ പറക്കുമെന്നും റിപ്പോർട്ട് ഉണ്ട്. ഫ്രഞ്ച് പൈലറ്റാകും വിമാനം പറത്തുക. ആർബി01 എന്ന ടൈൽ നമ്പറാണ് ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യ റാഫേൽ വിമാനത്തിന്റേതെന്ന് പുതുതായി സ്ഥാനമേറ്റ വ്യോമസേന മേധാവി ആർകെഎസ് ഭദുരിയ പറഞ്ഞു.
ബുധനാഴ്ച രാജ്നാഥ് സിങ് ഫ്രഞ്ച് സായുധസേന മന്ത്രിയുമായി വാർഷിക പ്രതിരോധ ചർച്ച നടത്തും. ഫ്രഞ്ച് പ്രതിരോധ വ്യവസായ മേധാവികളേയും അദ്ദേഹം കാണുന്നുണ്ട്.