ജമ്മുകാശ്മീര്‍; വനമേഖലയില്‍ ഭീകരര്‍ എത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സൈന്യം ശക്തമായ തെരച്ചില്‍ ആരംഭിച്ചു. ഗന്ദര്‍ബാല്‍ വനമേഖലയിലാണ് ഭീകരര്‍ എത്തിയതെന്ന് രഹസ്യ വിവരം ലഭിച്ചത്. കാശ്മീരിലെ സൈനിക നീക്കവും സുരക്ഷാ ക്രമീകരണങ്ങളും ഇന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൈനിക മേധാവിയുമായി ചര്‍ച്ച ചെയ്യും.
ഗന്ദര്‍ബാല്‍, ഗുരേസ് ജില്ലകള്‍ക്ക് സമീപമുള്ള വനമേഘലയിലാണ് ഭീകരര്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ട്. നിരവധി സഞ്ചാരികള്‍ എത്താറുള്ള പ്രദേശമാണിത്. കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈനിക വിഭാഗം നടത്തിയ തെരച്ചിലില്‍ ഭീകരവാദി സാന്നിധ്യം വനത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതേ തുടര്‍ന്നാണ് കമാന്‍ഡോകളെ വിന്യസിച്ച് ഇന്ത്യ സൈനിക നീക്കം നടത്തിയത്. ഗന്ദര്‍ബാല്‍ കാടുകളിലെ റോഡ് ഗതാഗതം സാധ്യമല്ലാത്ത പര്‍വത പ്രദേശങ്ങളിലേക്ക് കമാന്‍ഡോകളെ എയര്‍ഡ്രോപ്പ് ചെയ്യുകയായിരുന്നു.
ദുര്‍ഘടമായ സാഹചര്യങ്ങളിലും ഭീകരവിരുദ്ധ നടപടികള്‍ക്കായി പരിശീലനം സിദ്ധിച്ചിട്ടുള്ള കരസേനയുടെ പാരാ കമാന്‍ഡോകളെയാണ് വിന്യസിച്ച് തുടങ്ങിയത്. ബന്ദിപോര ജില്ലയിലെ ഗുരേസ് പ്രദേശത്ത് കൂടെ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലെത്തിയ ഭീകരനാണെന്നാണ് നിഗമനം. ഇവര്‍ ദക്ഷിണ കാശ്മീരിലെ ത്രാല്‍ ടൗണിലേക്ക് നീങ്ങാനും ശ്രമിക്കുന്നതായാണ് വിവരം.