ഹൈദരാബാദ്: സര്‍ക്കാറിനെതിരെ സമരം ചെയ്തതിനെ തുടര്‍ന്ന് 48000 തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് (ടിഎസ്ആര്‍ടിസി) തൊഴിലാളികളെ പിരിച്ചുവിടുമെന്ന് തെലങ്കാന സര്‍ക്കാര്‍.
ഒഴിവുകള്‍ നികത്തണമെന്നും ടിഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ മേഖലയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.
സമരം മൂന്നാം ദിനത്തിലെത്തിയപ്പോള്‍ ഏകദേശം 50000ത്തോളം തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുത്തു. ആഘോഷ സീസണില്‍ ആര്‍ടിസി ബസുകള്‍ നിരത്തിലിറങ്ങാതായതോടെ ജനം വലഞ്ഞു.
അതേസമയം, തൊഴിലാളികള്‍ നടത്തിയ സമരം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി. കൂടാതെ, തിങ്കളാഴ്ച വൈകുന്നേരം ആറുമണിക്കുള്ളില്‍ ജോലിക്കെത്താവരെ പുറത്താക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നിര്‍ദേശം നല്കി.
പൊതുഗതാഗത മേഖല സ്തംഭിച്ചതോടെ 2500 സ്വകാര്യ ബസുകള്‍ വാടകക്കെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. 15 ദിവസത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ക്കും മുഖ്യമന്ത്രി നോട്ടീസ് നല്കി.
അതേസമയം, പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു.
Discussion about this post