മുംബൈ: വയോധികനായ യാചകന്റെ അക്കൗണ്ടിൽ നിന്നും കണ്ടെടുത്തത് ലക്ഷങ്ങൾ. ട്രെയിനിലും മറ്റും ഭിക്ഷയെടുക്കുന്ന ബിരാഡിചന്ദ് പന്നാരാംജി ആസാദ് എന്ന 82 കാരന്റെ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പോലീസിനെ ഞെട്ടിച്ച കണ്ടെത്തലുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇയാളെ ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ഇയാളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് അയാൾ വെറുമൊരു യാചകനായിരുന്നില്ലെന്നും ലക്ഷങ്ങൾ സമ്പാദ്യമുള്ളയാളായിരുന്നുവെന്നുമുള്ള സത്യം പോലീസ് തിരിച്ചറിഞ്ഞത്.
8.77 ലക്ഷം രൂപയാണ് ഇയാളുടെ പക്കൽ ഫിക്‌സഡ് ഡിപ്പോസിറ്റായി ഉണ്ടായിരുന്നത്. നാണയങ്ങളായി 96000 രൂപ ബാങ്ക് അക്കൗണ്ടിലും നിക്ഷേപിച്ചിരുന്നു. ഇതിന് പുറമെ 1.75 ലക്ഷം രൂപ ഇയാളുടെ കുടിലിൽ നിന്നും കണ്ടെത്തുകയും ചെയ്തു. മുംബൈയിലെ മാൻഖർഡിനും ഗോവന്ദി സ്റ്റേഷനുമിടയിലാണ് ആസാദ് ട്രെയിൻ തട്ടി മരിച്ചത്. ബന്ധുക്കളെക്കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാൽ അവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഇപ്പോൾ പോലീസ്.
പ്രദേശവാസികളാണ് ആസാദിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. റെയിൽവേ ട്രാക്കിന് സമീപത്താണ് ഇയാളുടെ കുടിൽ. അവിടെ ഡബ്ബകളും വലിയ ബാരലുകളും ഉപയോഗിച്ചാണ് ഇയാൾ പ്ലാസ്റ്റിക് കവറുകളിലാക്കി പണം ഒളിപ്പിച്ചുവെച്ചിരുന്നത്. എല്ലാം ചില്ലറത്തുട്ടുകളായിരുന്നു. ശനിയാഴ്ച നാണയങ്ങളെണ്ണാൻ ആരംഭിച്ചിട്ട് ഞായറാണ് എണ്ണിത്തീർന്നത്. 1.75 ലക്ഷം രൂപയുടെ നാണയങ്ങൾ ഉണ്ടായിരുന്നുവെന്നും റെയിൽവേ പോലീസ് ഇൻസ്‌പെക്ടർ പ്രവീൺ കാംബ്ലെ പറഞ്ഞു. കുടിലിന്റെ ഒരു മൂലയിൽ ഒരു സ്റ്റീൽ പാത്രം ഉണ്ടായിരുന്നു. അതിൽ ആസാദിന്റെ പാൻകാർഡ്, ആധാർ കാർഡ്, സീനിയർ സിറ്റിസൻ കാർഡ് എന്നിവ ലഭിച്ചു. ഇതുപ്രകാരം 1937 ഫെബ്രുവരി 27നാണ് ആസാദ് ജനിച്ചത്. നേരത്തേ ശിവാജി നഗറിലും ബെയ്ഗൻ വാഡിയിലുമായിരുന്നു ഇയാൾ താമസിച്ചിരുന്നത്.
കുടിലിൽ നിന്ന് മറ്റ് ചില രേഖകൾ കൂടി ലഭിച്ചു. ഇതിൽ നിന്നാണ് ഇയാളുടെ അക്കൗണ്ടിലെ പണത്തിന്റെ വിവരങ്ങൾ ലഭിച്ചത്. ഈ രേഖകൾ പ്രകാരം രാജസ്ഥാനിലെ രാംഗഡ് സ്വദേശിയാണ് ആസാദ്. അയാൾക്ക് സുഖ്‌ദേവ് എന്ന മകനുമുണ്ട്. മകനാണ് എല്ലാ ബാങ്ക് ഇടപാടുകളുടെയും നോമിനി. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.