ന്യൂഡല്‍ഹി: മുംബൈ നഗരത്തിലെ ആരേ കോളനിയില്‍ മരം മുറിക്കുന്നതിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി സുപ്രീംകോടതി. ആരേയില്‍ തല്‍സ്ഥിതി തുടരാന്‍ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. മെട്രോ കാര്‍ പാര്‍ക്കിങിനു വേണ്ടിയാണ് വ്യാപകമായി മരം മുറിച്ചു മാറ്റിയത്.
സംഭവത്തില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. മരം മുറിക്കുന്നതിനെതിരെ നിയമ വിദ്യാര്‍ത്ഥി റിഷവ് രഞ്ജന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി വനം പരിസ്ഥിതി കേസുകള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. പൂജാ അവധിക്ക് ശേഷം ഒക്ടോബര്‍ 21ന് ഹര്‍ജി പരിസ്ഥിതി ബെഞ്ച് പരിഗണിക്കും. മെട്രോ കാര്‍ ഷെഡ്ഡിനായി ആരേ കോളനിയില്‍നിന്ന് മുറിക്കേണ്ട മരങ്ങള്‍ മുറിച്ചതായും ഇനി മുറിക്കില്ല എന്നും മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചു.
ഇതുവരെ മരങ്ങള്‍ മുറിച്ചത് നിയമവിധേയമാണോ എന്ന് കോടതിക്ക് പരിശോധിക്കാവുന്നതാണെന്നും തുഷാര്‍ മേത്ത വ്യക്തമാക്കി. പൂജ അവധിക്ക് അടച്ച സുപ്രീംകോടതി വിഷയത്തിന്റെ അടിയന്തരപ്രാധാന്യം കണക്കിലെടുത്തതാണ് ഇന്ന് തന്നെ ഹര്‍ജി പരിഗണിച്ചത്.
Discussion about this post