ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തിന് ഇനി വിദേശത്തും എസ്പിജി സുരക്ഷ. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ വിദേശ യാത്രയിലും എസ്പിജി അനുഗമിക്കണമെന്ന നിര്‍ദേശമാണ് നല്‍കിയത്.
പുതിയ നിര്‍ദേശ പ്രകാരം ഗാന്ധി കുടുംബത്തിന്റെ വിദേശ യാത്രകള്‍ സംബന്ധിച്ച് എല്ലാ വിവരങ്ങളും നേരത്തെ ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിക്കണം. സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനാണ് വിദേശ യാത്രകള്‍ സംബന്ധിച്ച് വിവരങ്ങള്‍ നേരത്തെ അറിയിക്കണമെന്ന് നിര്‍ദേശിച്ചതെന്നാണ് സര്‍ക്കാര്‍ വാദം.
അതേസമയം, സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഗാന്ധി കുടുംബാംഗങ്ങളുടെ വിദേശ യാത്ര നിയന്ത്രിക്കുകയാണ് നീക്കത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സണ്‍ഡേ ഗാര്‍ഡിയനാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
വിദേശത്ത് എത്തിച്ച ശേഷം എസ്പിജി അംഗങ്ങളെ വേണമെങ്കില്‍ തിരികെ ഇന്ത്യയിലേക്ക് തിരിച്ചയക്കാം. ഇവരുടെ സ്വകാര്യത മാനിച്ചാണ് ഇത്തരമൊരു വകുപ്പ് ചേര്‍ത്തത്.
ഇന്ദിരാഗാന്ധി വധത്തെ തുടര്‍ന്ന് 1985ലാണ് പ്രധാനമന്ത്രിമാര്‍ക്ക് സുരക്ഷയൊരുക്കുന്നതിനായി എസ്പിജി രൂപീകരിച്ചത്.
Discussion about this post