ഗുരുഗ്രാം: നിയമസഭാ തെരഞ്ഞെടുപ്പിന് ചൂടേറിയിരിക്കുന്ന സാഹചര്യത്തില്‍ ഹരിയാനയില്‍ കള്ളനോട്ടുകളുടെ പ്രവാഹം. കഴിഞ്ഞ ദിവസം നടത്തിയ വേട്ടയില്‍ 34 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് കണ്ടെത്തിയത്. പിഡബ്യുഡി റെസ്റ്റ് ഹൗസിന് സമീപം നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയ കാറിലാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്. കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകള്‍.
സിവില്‍ ലൈന്‍ ഭാഗത്ത് നിന്ന് കണ്ട കാറില്‍ നിന്ന് 34.68ലക്ഷം കള്ളനോട്ടാണ് ഗുരുഗ്രാം പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കാര്‍ ഡ്രൈവര്‍ ഹാര്‍ഷ് യാദവ് ആണ് അറസ്റ്റിലായിരിക്കുന്നത്. അതേസമയം സംസ്ഥാനം ഒക്ടോബര്‍ 21ന് പോളിങ് ബൂത്തിലേയ്ക്ക് നീങ്ങും. ഫലം 24നാണ് പുറത്ത് വരിക. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് നിന്ന് വന്‍ കള്ളനോട്ട് വേട്ട നടത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ട്. എന്നാല്‍ ഇതെല്ലാം പാടെ അവഗണിച്ചാണ് തെരഞ്ഞെടുപ്പിന് ഒഴുക്കാന്‍ കള്ളനോട്ടുകള്‍ എത്തിയത്. ഈ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഗുരുഗ്രാം ഡെപ്യൂട്ടി കമ്മീഷണര്‍ കം റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ അമിട്ട് ഗാത്രി പറഞ്ഞു. സംശയാസ്പദമായി വ്യക്തിയെയോ മറ്റോ ശ്രദ്ധയില്‍പ്പെട്ടാല്‍ പരിശോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30യോടെയാണ് വെള്ള നിറത്തിലുള്ള കാര്‍ സിവില്‍ ലൈന്‍ ഏരിയയിലെ പഴയ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിന് മുന്‍പില്‍ കണ്ടത്. സംശയം തോന്നിയ ഉടനെ പരിശോധിച്ചു. തുടര്‍ന്ന് കാറിന്റെ ഡിക്കിയില്‍ നിന്നും ലക്ഷങ്ങളുടെ കള്ളനോട്ട് കണ്ടെത്തിയത്’ അദ്ദേഹം പറയുന്നു. 2000ത്തിന്റെയും 500ന്റെയും കള്ളനോട്ടുകളാണ് കാറില്‍ ഉണ്ടായിരുന്നത്. കൂടാതെ മൂന്ന് പ്രിന്റര്‍ കാര്‍ട്രിഡ്ജുകള്‍, രണ്ട് ചെക്ക് ബുക്കുകള്‍, കുറിപ്പുകള്‍ അച്ചടിക്കാനുള്ള ആറ് വൈറ്റ് പേപ്പറുകള്‍ എന്നിവയും പരിശോധനയില്‍ കണ്ടെത്തി. ഉടനെ ഡ്രൈവറെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും ഗാത്രി വ്യക്തമാക്കി.
Discussion about this post