അഗര്‍ത്തല: ത്രിപുരയില്‍ വീണ്ടും ആക്രമണം അഴിച്ചുവിട്ട് ബിജെപി. സിപിഎം പോളിറ്റ് ബ്യൂറോ അംഗവും ത്രിപുര മുന്‍മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാരിന് നേരെ ബിജെപി ആക്രമണം. രസ്തര്‍ മാഥയിലെ പാര്‍ട്ടി ഓഫീസില്‍ അദ്ദേഹത്തെയും പാര്‍ട്ടി നേതാക്കളേയും മണിക്കൂറുകളോളം അക്രമികള്‍ തടഞ്ഞുവച്ചു. ഒടുവില്‍ പോലീസെത്തിയാണ് മണിക്ക് സര്‍ക്കാരിന് അഗര്‍ത്തലയിലേക്ക് പോകാന്‍ സുരക്ഷയൊരുക്കിയത്.
ഒക്ടോബര്‍ വിപ്ലവ അനുസ്മരണ പരിപാടിയില്‍ സംസാരിച്ച് മടങ്ങവേയാണ് അദ്ദേഹത്തെ ബിജെപി സംഘം ആക്രമിച്ചത്. അക്രമികള്‍ വാഹനങ്ങളും അടിച്ചുതകര്‍ത്തിട്ടുണ്ട്.
ബിഷല്‍ഗഡിലെ യോഗം കഴിഞ്ഞ് അഗര്‍ത്തലയിലേക്ക് തിരിച്ചു പോകുകയായിരുന്ന മണിക് സര്‍ക്കാരിനൊപ്പം മുതിര്‍ന്ന സിപിഎം നേതാക്കളും മുന്‍മന്ത്രിമാരുമായ ഭാനുലാല്‍ സാഹ, സഹിദ് ചൗധരി, എംഎല്‍എമാരായ ശ്യാമള്‍ ചക്രവര്‍ത്തി, നാരായണ്‍ ചൗധരി എന്നിവരും ഉണ്ടായിരുന്നു. മണിക് സര്‍ക്കാരിന് സുരക്ഷാ കവചമൊരുക്കിയ രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഒക്ടോബര്‍ വിപ്ലവ അനുസ്മരണ പരിപാടിയില്‍ മുഖ്യപ്രഭാഷകനായെത്തിയ മണിക് സര്‍ക്കാരിന്റെ പ്രസംഗം കേള്‍ക്കാനെത്തിയവരെ പിന്തിരിപ്പിക്കാന് പ്രസംഗ വേദിക്ക് പുറത്ത് തമ്പടിച്ച ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചു. എന്നാല്‍ ഈ ശ്രമം വിജയിക്കാതെ വന്നതോടെയാണ് പരിപാടി കഴിഞ്ഞശേഷം അക്രമം അഴിച്ചുവിട്ടതെന്ന് സിപിഎം പ്രസ്താവനയില്‍ പറഞ്ഞു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ടികളും അക്രമത്തെ അപലപിച്ചിട്ടുണ്ട്.
Discussion about this post