പാലില്‍ വെള്ളം ചേര്‍ത്ത പാല്‍ക്കാരന് ആറ് മാസത്തെ ശിക്ഷ വിധിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: പാലില്‍ വെള്ളം ചേര്‍ത്ത് വിറ്റ ഉത്തര്‍പ്രദേശ് സ്വദേശിക്ക് ആറ് മാസത്തെ തടവ് ശിക്ഷ സുപ്രീം കോടതി വിധിച്ചു. 1995 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് 24 വര്‍ഷത്തിന് ശേഷം ശിക്ഷ വിധിച്ചിരിക്കുന്നത്. പാല്‍ക്കാരനോട് ഉടന്‍ കീഴടങ്ങാനും കോടതി നിര്‍ദ്ദേശിച്ചു.

പബ്ലിക് അനലിസ്റ്റ് നടത്തിയ 1995 നവംബര്‍ മാസത്തിലെ പരിശോധനയില്‍ രാജ്കുമാര്‍ വിറ്റ പാലില്‍ 4.6 ശതമാനം മില്‍ക് ഫാറ്റും, 7.7 ശതമാനം മില്‍ക് സോളിഡ് നോണ്‍ ഫാറ്റുമായിരുന്നു. 8.5 ശതമാനമാണ് നോണ്‍ ഫാറ്റ് വേണ്ടത്. എന്നാല്‍ ഈ വ്യത്യാസം വൈക്കോലിന്റെയും കാലിത്തീറ്റയുടെയും ഗുണമേന്മ കൊണ്ടുണ്ടാവുന്നതാണെന്ന് പാല്‍ക്കാരനായ രാജ്കുമാര്‍ വാദിച്ചു. സംഭവത്തില്‍ രാജ്കുമാറിന്റെ ഭാഗത്താണ് തെറ്റെന്ന് തെളിഞ്ഞതോടെ ശിക്ഷ വിധിക്കുകയായിരുന്നു.

പാല്‍ പ്രാഥമിക ഭക്ഷണ വിഭവമാണ്. അതിനാല്‍ തന്നെ നിലവാരമില്ലാതെ വില്‍ക്കപ്പെടുന്ന പാല്‍ മനുഷ്യന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പ്രത്യേകം തെളിയിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

Exit mobile version