ന്യൂഡല്‍ഹി: രാജ്യത്ത് കാലവര്‍ഷം വന്‍ നാശ നഷ്ടങ്ങളാണ് വരുത്തിയത്. ജനജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്തു. കൂടാതെ നിരവധി നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ രാജ്യത്ത് കാലവര്‍ഷത്തില്‍ നഷ്ടപ്പെട്ട ജീവനുകളുടെ കണക്കാണ് പുറത്ത് വരുന്നത്. രാജ്യത്ത് കാലവര്‍ഷത്തില്‍ 1900 പേരാണ് മരിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
46 പേരെ കാണാതായിട്ടുണ്ട്, 22 സംസ്ഥാനങ്ങളിലായി 25 ലക്ഷം പേരെ മഴക്കെടുതി ബാധിച്ചെന്നുവെന്നും വിവരമുണ്ട്. കൂടാതെ 357 ജില്ലകളില്‍ ഉണ്ടായ മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും 738 പേര്‍ക്ക് പരിക്കേറ്റു. ഏകദേശം 20000 മൃഗങ്ങളും ഈ കെടുതിയില്‍ ചത്തൊടുങ്ങി. കോടികളുടെ മാത്രമല്ല നഷ്ടങ്ങള്‍ ഇങ്ങനെയും രാജ്യത്തെ ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
കൂടാതെ 1.09 ലക്ഷം വീടുകള്‍ പൂര്‍ണ്ണമായും 2.05 ലക്ഷം വീടുകള്‍ ഭാഗികമായി നശിച്ചതായാണ് വിവരം. ഒപ്പം 14.14 ഹെക്ടര്‍ കൃഷിയും ഇല്ലാതായി. മണ്‍സൂണ്‍ മഴക്കാലം സെപ്റ്റംബര്‍ 30 ന് അവസാനിച്ചെങ്കിലും രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ ഇപ്പോഴും മഴ ശക്തിയായി പെയ്യുന്നുണ്ട്. ഇടിവെട്ടോടു കൂടിയ മഴയും ഉണ്ട്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 382 പേരാണ് ഇവിടെ മാത്രം മരണപ്പെട്ടത്. 22 ജില്ലകളില്‍ കനത്ത മഴ പെയ്തു. 369 പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാനത്തൊട്ടാകെ 305 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നതില്‍ 7.19 ലക്ഷം പേരാണ് അഭയം തേടിയതെന്ന് കണക്കുകള്‍ പറയുന്നു.