മുംബൈ: ആരേ കോളനിയിലെ മരങ്ങൾ വെട്ടിമാറ്റുന്നതിനെതിരെ മുംബൈയിൽ വൻ പ്രതിഷേധം. മരങ്ങൾ വെട്ടിമാറ്റുന്നതിനെതിരെ നൽകിയ ഹർജികൾ കഴിഞ്ഞദിവസം ബോംബെ ഹൈക്കോടതി തള്ളിയതോടെയാണ് മെട്രോ അധികൃതർ മരങ്ങൾ മുറിച്ചുമാറ്റാൻ ആരംഭിച്ചത്. എന്നാൽ വെള്ളിയാഴ്ച രാത്രിയോടെ പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ആരേ കോളനിയിൽ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പോലീസ് നടപടിയെടുത്തതും വിവാദത്തിന് കാരണമായിക്കുകയാണ്. ഇരുന്നൂറോളം വരുന്ന പ്രതിഷേധക്കാരെയാണ് പോലീസ് പിടികൂടിയത്.
ഇതിനിടെ ചിലർ മരങ്ങൾ മുറിക്കുന്ന സ്ഥലത്തേക്ക് അതിക്രമിച്ചുകടക്കാനും ശ്രമിച്ചതും തിരിച്ചടിയായി. മരങ്ങൾ മുറിക്കാൻ അനുമതി നൽകിയെങ്കിലും ആ ഉത്തരവ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസം കഴിഞ്ഞതിനുശേഷം മാത്രമേ നടപടികളിലേക്ക് കടക്കാവൂ എന്നാണ് ചട്ടമെന്നും തിരക്കിട്ട് മരങ്ങൾ മുറിക്കുന്നത് നിർത്തിവെയ്ക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. എന്നാൽ പരിസ്ഥിതിവാദികളുടെ വാദം തെറ്റാണെന്നും അതിൽ കഴമ്പില്ലെന്നുമായിരുന്നു മുംബൈ മെട്രോ റെയിൽ അധികൃതരുടെ പ്രതികരണം. സെപ്റ്റംബർ 13-ന് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയിട്ടുണ്ടെന്നും ഹൈക്കോടതി വിധിക്കായാണ് ഇതുവരെ കാത്തിരുന്നതെന്നും അധികൃതർ പറഞ്ഞു.
മെട്രോ റെയിലിന്റെ കാർഷെഡ് നിർമ്മിക്കുന്നതിനുവേണ്ടിയാണ് ആരേ കോളനിയിലെ മരങ്ങൾ വെട്ടിമാറ്റുന്നത്. നഗരത്തിന്റെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കുന്ന ആരേ കോളനിയിൽ 2500-ലേറെ മരങ്ങളാണ് വെട്ടിമാറ്റുക. ഇതിന് ട്രീ അതോറിറ്റി നേരത്തെ അനുമതി നൽകിയിരുന്നു.
ഇതോടെ, മരങ്ങൾ വെട്ടുന്നതിനെതിരെ ചിലർ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സുപ്രീംകോടതിയുടേയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹർജികൾ തള്ളിയിരുന്നു. ആരേ കോളനി വനമേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഹൈക്കോടതി തള്ളിയിരുന്നു.