ഹൈദരാബാദ്: മുന്‍കൂര്‍ അനുമതിയില്ലാതെ സിബിഐ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് പ്രവേശിക്കരുതെന്നാണ് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാതെ സംസ്ഥാനത്ത് റെയ്ഡുകളും പരിശോധനകളും നടത്താമെന്ന അനുമതി പിന്‍വലിച്ചു കൊണ്ടാണ് ആന്ധ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ്.
പുതിയ ഉത്തരവോടെ, സംസ്ഥാനത്തിന്റെ അധികാര പരിധിക്കുള്ളില്‍ നടക്കുന്ന കേസുകളില്‍ സിബിഐക്ക് ഇടപെടാനാവില്ല. അഴിമതി ആരോപണങ്ങള്‍ മൂലം സിബിഐയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതാണ് ഇത്തരമൊരു തീരുമാനത്തിന് കാരണമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
ഇനിമുതല്‍ സിബിഐക്ക് പകരം ആന്ധ്രാപ്രദേശ് ആന്റി കറപ്ഷന്‍ ബ്യൂറോ (എ.സി.ബി)യായിരിക്കും റെയ്ഡുകളും മറ്റ് പരിശോധനകളും നടത്തുക. സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പരിശോധന നടത്താന്‍ സര്‍ക്കാര്‍ എസിബിക്ക് അനുമതി നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തിനകത്തുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശോധനകളും റെയ്ഡുകളും നടത്താന്‍ സിബിഐക്ക് എല്ലാ സംസ്ഥാനങ്ങളും പൊതുവില്‍ അനുമതിയുള്ളതാണ്. അതിനാല്‍ ഓരോ കേസിനും മുമ്പായി സിബിഐ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് അനുമതി തേടാറില്ല. ആ അനുമതിയാണ് ആന്ധ്രസര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്.
മുമ്പ് ഛത്തീസ്ഡഢ് സര്‍ക്കാര്‍ ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ സിബിഐ അതിനെ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്ത കേസാണെങ്കില്‍ സംസ്ഥാനത്തിന്റെ അനുമതി ആവശ്യമില്ലെന്നായിരുന്നു ഡല്‍ഹി ഹൈക്കോടതി വിധിച്ചത്. ഇത് സംബന്ധിച്ച് ഒരു കേസ് ഇപ്പോള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
Discussion about this post