വനിതാ ആക്ടിവിസ്റ്റുകള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എന്താണിത്ര ആവേശം? തൃപ്തി ദേശായിയുടെ നിലപാടിനെതിരെ ആഞ്ഞടിച്ച് എഴുത്തുകാരി തസ്ലിമ നസ്രിന്‍

ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ പ്രവേശിക്കണമെന്ന് നിര്‍ബന്ധബുദ്ധിയുള്ള വനിതാ ആക്ടിവിസ്റ്റുകള്‍ക്കെതിരെ ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്രിന്‍ രംഗത്ത്.

വനിതാ ആക്ടിവിസ്റ്റുകള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എന്താണിത്ര ആവേശമെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് തസ്‌ലീമ ട്വിറ്ററില്‍ കുറിച്ചു. ഗ്രാമങ്ങളില്‍ ബലാത്സംഗത്തിനും ലൈംഗിക ചൂഷണത്തിനും ഗാര്‍ഹിക പീഡനത്തിനും ഇരയാകുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാണ് ആക്ടിവിസ്റ്റുകള്‍ പ്രവര്‍ത്തിക്കേണ്ടത്. അവര്‍ക്ക് വിദ്യാഭ്യാസം, ജോലി, തുല്യവേതനം എന്നിവ ലഭ്യമാക്കാന്‍ സഹായിക്കുകയാണ് ഇവര്‍ ചെയ്യേണ്ടതെന്നും തസ്ലിമ നസ്രിന്‍ ട്വീറ്റ് ചെയ്തു.

ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ഉള്‍പ്പെടെയുള്ളവര്‍ ശബരിമലയില്‍ എത്തിയതിനെ തുടര്‍ന്നായിരുന്നു തസ്ലിമ ആക്ടിവിസ്റ്റുകള്‍ക്കെതിരെ രംഗത്തെത്തിയത്.

എന്നാല്‍ സംഘപരിവാര്‍ പ്രതിഷേധത്തെ തുടര്‍ന്ന് വൈകീട്ടോടെ തൃപ്തി മടങ്ങാന്‍ തീരുമാനിച്ചു. പ്രതിഷേധം കാരണം 14 മണിക്കൂറാണ് അവര്‍ പുറത്തിറങ്ങാനാകാതെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുങ്ങിയത്. കേരളത്തില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പോലീസുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തൃപ്തി ദേശായി നിലപാട് വ്യക്തമാക്കിയത്. മടങ്ങിപ്പോയാലും കൂടുതല്‍ ഒരുക്കം നടത്തി മല കയറാന്‍ വീണ്ടും എത്തും. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. ലിംഗസമത്വത്തിനായാണ് പോരാടുന്നതെന്നും തൃപ്തി വ്യക്തമാക്കി.

Exit mobile version