ന്യൂഡൽഹി: ബലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ബുദ്ഗാമിലെ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്ന് വീണത് ഇന്ത്യൻ സൈന്യത്തിന്റെ തന്നെ മിസൈൽ പ്രയോഗത്തിലെന്ന് കുറ്റസമ്മതം. അന്ന് ഹോലികോപ്റ്റർ മിസൈൽ ഉപയോഗിച്ച് തകർത്തത് അബദ്ധത്തിലെന്ന് എയർ ചീഫ് രാകേഷ് കുമാർ സിങ് പത്രസമ്മേളനത്തിൽ അറിയിച്ചു. വലിയ തെറ്റ് എന്നാണ് അദ്ദേഹം സംഭവത്തെ കുറിച്ച് പറഞ്ഞത്. വിഷയത്തിൽ രണ്ട് പേർക്കെതിരെ നടപടിയെടുത്തതായും അദ്ദേഹം വ്യക്തമാക്കി. ആറ് വ്യോമസേന സൈനികരും ഒരു നാട്ടുകാരനുമാണ് ഹെലികോപ്റ്റർ തകർന്നുവീണ് കൊല്ലപ്പെട്ടത്. അതിർത്തിയിൽ ഇന്ത്യ-പാക് വ്യോമസേനകൾ തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതിനിടെയായിരുന്നു ശ്രീനഗറിനടുത്ത് ബുദ്ഗാമിൽ ഹെലികോപ്റ്റർ മിസൈൽ ആക്രമണത്തിൽ വീണത്.
പാകിസ്താനിൽ നിന്നും തൊടുത്തുവിട്ട മിസൈലാണെന്ന് തെറ്റിദ്ധരിച്ചാണ് ഹെലികോപ്റ്ററിന് നേരെ ആക്രമണം നടത്തിയത് എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. മിസൈൽ പതിച്ച ശേഷം രണ്ടായി പിളർന്നാണ് ഹെലികോപ്റ്റർ താഴെ വീണത്. തീഗോളമായി അത് താഴേക്ക് പതിക്കുന്നതും തൊട്ടുപിന്നാലെ ഗ്രാമീണർ തടിച്ചു കൂടുന്നതുമുൾപ്പെട്ട ദൃശ്യങ്ങൾ വ്യോമസേനക്ക് ലഭിച്ചിരുന്നു.
ഈ സംഭവം നമ്മുടെ ഭാഗത്തു നിന്നും ഉണ്ടായ ഒരു വലിയ തെറ്റായിരുന്നുവെന്ന് അംഗീകരിക്കുന്നു. കഴിഞ്ഞയാഴ്ചയാണ് നേരത്തേ പ്രഖ്യാപിച്ച അന്വേഷണം പൂർത്തിയായത്. നമ്മൾ തൊടുത്ത മിസൈൽ തന്നെയാണ് എംഐ17 വി2 വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററിനെ തകർത്തത് എന്ന് വ്യക്തമായെന്നും എയർ ചീഫ് രാകേഷ് കുമാർ സിങ് പറഞ്ഞു. ഉത്തരവാദിയായവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീനഗർ വ്യോമസേനാ താവളത്തിലെ സ്പൈഡർ എയർ ഡിഫൻസ് സിസ്റ്റത്തിൽ നിന്നും തൊടുത്തുവിട്ട മിസൈലാണ് ഹെലികോപ്റ്ററിനെ തകർത്തിട്ടത്. ബലാകോട്ടിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയതിന്റെ പിറ്റേ ദിവസമായിരുന്നു ബുദ്ഗാമിൽ ഹെലികോപ്റ്റർ വെടിവെച്ചിട്ടത്.
Discussion about this post