ചെന്നൈ: ‘ഡയപ്പര്‍ ഇട്ട കൊച്ചുകുട്ടിയാണ് ഹിന്ദി ഭാഷ’യെന്ന് ചലച്ചിത്ര താരവും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും ചെറുപ്പമേറിയ ഭാഷയാണ് ഹിന്ദിയെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചത്.
‘തമിഴ്, തെലുഗു, സംസ്‌കൃതം എന്നിവയെ അപേക്ഷിച്ച് ഹിന്ദി ചെറിയ ഭാഷയാണ്. ഡയപ്പര്‍ ഇട്ട കൊച്ചുകുട്ടിയാണ് ഹിന്ദി ഭാഷ. ആ ഭാഷയെ പരിഹസിച്ചു കൊണ്ട് പറയുന്നതല്ലെന്നും കഴുത്തിന് താഴെ മുറുക്കി പിടിച്ചോ അടിച്ചേല്‍പ്പിച്ചോ ഹിന്ദി ഭാഷ പ്രയോഗിക്കരുതെന്നും കമല്‍ഹാസന്‍ പറഞ്ഞു.
രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ തെരഞ്ഞെടുക്കണമെന്ന് ഹിന്ദി ദിവസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു കമല്‍ഹാസന്‍. അദ്ദേഹം ഇതിനുമുമ്പും ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
ജെല്ലിക്കെട്ടിനെതിരെ നടന്ന പ്രതിഷേധത്തേക്കാള്‍ വലുതായിരിക്കും ഹിന്ദിക്കെതിരായ പ്രതിഷേധമെന്നായിരുന്നു കമല്‍ ഹാസന്റെ രൂക്ഷമായ പ്രതികരണം. തമിഴ് ഭാഷ ഞങ്ങളുടെ അഭിമാനമാണ്. അതിന് വേണ്ടി ഞങ്ങള്‍ പോരാടുക തന്നെ ചെയ്യും. നാനാത്വത്തില്‍ ഏകത്വം എന്ന ഉറപ്പിന്മേലാണ് ഇന്ത്യ സ്വാതന്ത്ര റിപബ്ലിക്കായത്. അത് ഞങ്ങള്‍ മാറ്റാന്‍ തയ്യാറല്ല’എന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി.
Discussion about this post