ഭോപ്പാല്‍: മധ്യപ്രദേശിലെ റേവയിലുള്ള ഗാന്ധി ഭവനില്‍ സൂക്ഷിച്ചിരുന്ന ഗാന്ധിജിയുടെ ചിതാഭസ്മം മോഷ്ടിക്കപ്പെട്ടു. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മ വാര്‍ഷികം ലോകം മുഴുവന്‍ ആചരിക്കുമ്പോഴാണ് ഇന്ത്യയില്‍ ഇത്തരമൊരു സംഭവം. റേവ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ഗുര്‍മീത് സിംഗും സഹപ്രവര്‍ത്തകരുമാണ് ആദ്യം ഇത് കണ്ടത്.
ഗാന്ധി സ്മാരകത്തില്‍ ആദരമര്‍പ്പിക്കാനെത്തിയതായിരുന്നു റേവ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ഗുര്‍മീത് സിംഗും സഹപ്രവര്‍ത്തകരും. ഇതിനിടെയാണ് ഗാന്ധിജിയുടെ ചിതാഭസ്മം കാണാതായതായി ശ്രദ്ധയില്‍പ്പെട്ടത്. ഗാന്ധി ഭവന് പുറത്ത് പതിച്ച പോസ്റ്ററില്‍, ഗാന്ധിജിയെ അപമാനിക്കും വിധം ‘രാജ്യദ്രോഹി’ എന്ന് കുറിച്ചതായും കണ്ടെത്തി.
തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ ഐപിസി 153ബി, 504, 505 വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഗാന്ധി ഭവനിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
ലോകം മുഴുവന്‍ മഹാത്മാ ഗാന്ധിയുടെ ജന്മ വാര്‍ഷികം ആചരിക്കുമ്പോഴാണ് ഇന്ത്യയില്‍ ഇത്തരമൊരു സംഭവം നടന്നിരിക്കുന്നതെന്നും നാഥുറാം ഗോഡ്‌സെയെ ആരാധിക്കുന്നവരാണ് ഇത് ചെയ്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പ്രതികളെ ഉടന്‍ പോലീസ് അറസ്റ്റ് ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.