ടിക് ടോക് താരത്തിന്റെ പ്രശസ്തി കണ്ട് ടിക്കറ്റ് നൽകി ബിജെപി; സ്ഥാനാർത്ഥിയായതോടെ ഫോളോവേഴ്‌സും ഇരട്ടിയായി; താരവും ഹാപ്പി, പാർട്ടിയും ഹാപ്പി

ടിക് ടോക് താരത്തിന്റെ പ്രശസ്തിയും ഫോളോവേഴ്‌സും കണ്ട് ബിജെപി സ്ഥാനാർത്ഥിത്വം നൽകിയിരിക്കുന്നത്.

ചണ്ഡീഗഢ്: ഹരിയാനയിൽ ടിക് ടോക് താരത്തിനും പാർട്ടി ടിക്കറ്റ് നൽകി ബിജെപിയുടെ തന്ത്രം. നിയമസഭാ തെരഞ്ഞെടുപ്പിലേക്കാണ് ടിക് ടോക് താരത്തിന്റെ പ്രശസ്തിയും ഫോളോവേഴ്‌സും കണ്ട് ബിജെപി സ്ഥാനാർത്ഥിത്വം നൽകിയിരിക്കുന്നത്. ടിക് ടോക് താരമായ സോനാലി ഫോഗാട്ടാണ് അദാംപൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരിക്കുന്നത്. ബിഷ്ണോയി വിഭാഗത്തിന് സ്വാധീനമുള്ള മേഖലയാണിത്. ഇതും കൂടെ കണക്കിലെടുത്താണ് ബിജെപിയുടെ തീരുമാനം.

ടിക് ടോകിൽ 47 പേരെ മാത്രം ഫോളോ ചെയ്യുന്ന സോനാലിക്ക് 1,21,500 ഫോളോവർമാരാണ് ഉള്ളത്. ചില ടെലിവിഷൻ പരിപാടികളിലും സൊനാലി പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. രണ്ട് വർഷം മുൻപാണ് ഇവർ ബിജെപിയിൽ ചേർന്നത്. എന്നാൽ വൈകാതെ സോനാലി ബിജെപി വനിതാ സെൽ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സോനാലി സാമൂഹ്യമാധ്യമങ്ങളിൽ സജീവമായതാണ് ബിജെപിയെ ആകർഷിച്ചിരിക്കുന്നത്.

അതേസമയം, ബിജെപി ഇവരെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ ടിക് ടോക് ഫോളോവർമാരുടെ എണ്ണം ഇരട്ടിയായെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്നോയിക്കെതിരെയാണ് സോനാലി അദാംപൂരിൽ മത്സരിക്കുക. ഒക്ടോബർ 21 നാണ് ഹരിയാനയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 24 ന് വോട്ടെണ്ണും.

Exit mobile version