ന്യൂഡല്‍ഹി: രാജ്യത്ത് നിലവാരമുള്ള കുടിവെള്ളം ഉറപ്പാക്കാന്‍ ‘സ്വച്ഛ് പാനി അഭിയാന്’ വരുന്നു. കുഴല്‍ വഴി രാജ്യവ്യാപകമായി ശുദ്ധമായ കുടിവെള്ളം എത്തിക്കുന്ന പദ്ധതി കേന്ദ്ര ഭക്ഷ്യമന്ത്രാലയമാണ് ആവിഷ്കരിച്ചത്. ഉപഭോക്താവിന്റെ അവകാശമല്ല, ജനങ്ങളുടെ ജീവിതത്തിന്റെ പ്രശ്നമാണ് ശുദ്ധമായ കുടിവെള്ളമെന്ന് പദ്ധതിയെക്കുറിച്ചു ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന് പറഞ്ഞു.
2024-ഓടെ രാജ്യവ്യാപകമായി എല്ലാവര്ക്കും കുഴല്‍വഴി കുടിവെള്ളമെത്തിക്കുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു, അതിന്റെയടിസ്ഥാനത്തിലാണ് ‘പാനി അഭിയാനു’ രൂപം നല്‍കിയിരിക്കുന്നതെന്ന് പാസ്വാന് വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി സംസ്ഥാനങ്ങള്‍ കുടിവെള്ളത്തിന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് മാനദണ്ഡമനുസരിച്ചുള്ള നിലവാരം ഉറപ്പാക്കണമെന്നു നിര്‍ദേശം നല്‍കും.
ഡല്‍ഹിയിലായിരിക്കും പദ്ധതി ആദ്യം ആരംഭിക്കുക. ഇതിന്റെ ഭാഗമായി 11 കേന്ദ്രങ്ങളില്‍നിന്ന് സാംപിള്‍ ശേഖരിച്ചു പരിശോധന നടത്തി. എന്നാല്‍ ഇത് നിര്‍ദിഷ്ടനിലവാരം പുലര്‍ത്തിയില്ലെന്ന് കണ്ടെത്തി. ഡല്‍ഹിയില്‍ ശുദ്ധജലമെത്തിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി സംസാരിക്കുമെന്ന് മന്ത്രി പാസ്വാന് പറഞ്ഞു.
Discussion about this post