മുസാഫർപുർ: രാജ്യത്തിന്റെ നിലവിലെ സാഹചര്യത്തിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തുറന്ന കത്തെഴുതിയ ചലച്ചിത്ര പ്രവർത്തകരടക്കമുള്ള 50 ഓളം പ്രമുഖ വ്യക്തികൾക്കെതിരെ എഫ്ഐആർ സമർപ്പിച്ചു. രാജ്യത്തെ ആൾക്കൂട്ട ആക്രമണം വർധിക്കുന്നതിൽ ആശങ്ക അറിയിച്ച് ഗവേഷകനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ, സംവിധായകൻ മണിരത്നം, ചലച്ചിത്ര പ്രവർത്തകരായ അടൂർ ഗോപാലകൃഷ്ണൻ, രേവതി, അപർണാ സെൻ എന്നിവരടക്കമുള്ളവർക്കെതിരെയാണ് എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്. സുധീർ കുമാർ ഓജ എന്ന അഭിഭാഷകൻ സമർപ്പിച്ച പരാതിയിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് രണ്ട് മാസം മുമ്പ് ഇവർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.
മുസ്ലികൾക്കും ദളിതുകൾക്കുമെതിരെ തുടർച്ചയായി ഉണ്ടാകുന്ന ആൾക്കൂട്ട ആക്രമണത്തിൽ ആശങ്കയറിയിച്ച് ജൂലായിലാണ് 50 ഓളം സാഹിത്യ-ചലച്ചിത്ര പൊതുരംഗത്തെ പ്രമുഖർ പ്രധാനമന്ത്രിക്ക് കത്തയച്ചത്. രാജ്യത്തെ പ്രമുഖ വ്യക്തികൾ പ്രധാനമന്ത്രിക്ക് കത്ത് അയച്ച സംഭവം രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയതായും പ്രധാനമന്ത്രിയുടെ പ്രകടനത്തെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചതായും ആരോപിച്ചാണ് സുധീർ കുമാർ പരാതി നൽകിയത്.
അതേസമയം, രാജ്യദ്രോഹം, പൊതുജന ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തുക, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അപമാനിക്കൽ എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
Discussion about this post