ന്യൂഡല്‍ഹി: ഗംഗാ നദിയെ സംരക്ഷിക്കാന്‍ കര്‍ശന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ഉത്സവാഘോഷങ്ങളുടെ ഭാഗമായി വിഗ്രഹങ്ങളും പൂജാവസ്തുക്കളും നിമഞ്ജനം ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. നാഷണല്‍ മിഷന് ഫോര്‍ ക്ലീന്‍ ഗംഗ (എന്‍എംസിജി) ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ഗംഗയില്‍ ഉത്തരവ് ലംഘിച്ച് വിഗ്രങ്ങള്‍ നിമഞ്ജനം ചെയ്താല്‍ 50,000 രൂപ പിഴയായി ഈടാക്കാനാണ് നിര്‍ദേശം.
ദസ്സറ, ദീപാവലി, സരസ്വതി പൂജ തുടങ്ങിയ ഉത്സവാഘോഷങ്ങളുടെ ഭാഗമായി ഗംഗാനദിയിലും പോഷക നദികളിലും വിഹ്രഹങ്ങള്‍ നിമഞ്ജനം ചെയ്യുന്നത് പതിവാണ്. വിഗ്രഹങ്ങളില്‍ നിറംനല്‍കുന്നതിന് ഉപയോഗിക്കുന്ന വിഷാംശമുള്ളതും കൃത്രിമവുമായ നിറങ്ങള്‍ നദിയെ കൂടുതല്‍ മലിനമാക്കുന്നതായി കണ്ടെത്തിയിരുന്നു.
നിര്‍ദേശങ്ങള്‍ നടപ്പാക്കിയതു സംബന്ധിച്ച് ഉത്സവാഘോഷങ്ങള്‍ക്കു ശേഷം ഏഴു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗംഗാ നദിയുമായി ബന്ധപ്പെട്ട് കിടക്കുന്ന 11 സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് മേല്‍നോട്ടംവഹിക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കാണ് ചുമതല.
വിശേഷ ദിവസങ്ങളില്‍ പൂജനടത്തുന്ന കടവുകളില്‍ പ്രത്യേക സംരക്ഷണ സംവിധാനങ്ങള്‍ ഒരുക്കും. ഇതിനായി ബാരിക്കേഡുകള്‍ സ്ഥാപിക്കാനും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഗംഗാനദിയിലും പോഷക നദികളിലും വിഹ്രഹങ്ങള്‍ നിമഞ്ജനം ചെയ്താല്‍ 50,000 രൂപ പിഴയായി ഈടാക്കാനും നിര്‍ദേശമുണ്ട്.
വിഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിന് പ്ലാസ്റ്റര്‍ ഓഫ് പാരിസ്, ഫൈബര്‍, തെര്‍മോക്കോള്‍ തുടങ്ങിയവപോലുള്ള വസ്തുക്കള്‍ ഉപയോഗിക്കരുതെന്നും വിഗ്രഹങ്ങള്‍ നിമഞ്ജനം നടത്താറുള്ള സ്ഥലങ്ങളില്‍ ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് താല്കാലിക കുളങ്ങള്‍ നിര്‍മിച്ച് നിമഞ്ജനത്തിനുള്ള സൗകര്യം ഒരുക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.
Discussion about this post