ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ലളിതാ ജ്വല്ലറിയില്‍ കവര്‍ച്ച നടത്തി 50കോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ അഞ്ച് ജാര്‍ഖണ്ഡ് സ്വദേശികള്‍ പിടിയില്‍. കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ പോലീസ് കുടുക്കിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്.
കവര്‍ച്ചാ കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കേസില്‍ പ്രതികളെ തിരുച്ചിറപ്പള്ളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. തിരുച്ചിറപ്പള്ളിയിലെ ലളിതാ ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. 35 കിലോ സ്വര്‍ണ്ണവും വജ്രാഭരണങ്ങളും നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ജനുവരിയില്‍ ജ്വല്ലറിയ്ക്ക് സമീപമുള്ള പഞ്ചാബ് നാഷണല്‍ ബാങ്കിലും സമാനമായ രാതിയില്‍ കവര്‍ച്ച നടന്നിരുന്നു.
ഭിത്തി തുരന്ന് ബാങ്കിനകത്ത് കയറിയ മോഷ്ടാക്കള്‍ ലോക്കറുകള്‍ തകര്‍ത്ത് 17 ലക്ഷം രൂപയും 40 പവന്‍ സ്വര്‍ണ്ണവും കവര്‍ന്നിരുന്നു. ഈ മോഷണവുമായി പിടിയിലായവര്‍ക്ക് പങ്കുണ്ടോയെന്നും പോലീസ് പരിശോധിച്ചവരുകയാണ്.
ബുധനാഴ്ച പുലര്‍ച്ചെയാണ് നാടിനെ ഞെട്ടിച്ച കവര്‍ച്ച നടന്നത്. ജ്വല്ലറിയുടെ പിന്‍വശത്തെ ചുമര്‍ തുരന്നാണ് മോഷ്ടാക്കള്‍ ജ്വല്ലറിക്കകത്ത് കയറിയത്. ജ്വല്ലറിയുടെ ഒന്നാം നിലയില്‍ പ്രവേശിച്ച മോഷ്ടാക്കള്‍ സ്റ്റോര്‍ റൂമ്മിലെ അഞ്ച് ലോക്കറുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു.
രാവിലെ ഒന്‍പത് മണിയോടെ ജീവനക്കാര്‍ കട തുറന്നപ്പോഴാണ് കവര്‍ച്ചാ വിവരം പുറംലോകം അറിയുന്നത്. തെളിവുകള്‍ നശിപ്പിക്കുന്നതിനായി ജ്വല്ലറിയിലാകെ മുളകുപൊടി വിതറിയാണ് മോഷ്ടാക്കള്‍ സ്ഥലം വിട്ടിരുന്നത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മോഷണ രീതി കണക്കിലെടുത്ത് ഉത്തരേന്ത്യന്‍ സംഘമാണോ കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പോലീസ് ആദ്യമേ സംശയിച്ചിരുന്നു.
രാജസ്ഥാനിലെ ബാഗ്രി സമുദായത്തില്‍പ്പെട്ടവര്‍ കഴിഞ്ഞ ആഴ്ച ചെന്നൈയില്‍ സമാനരീതില്‍ നാല് വീടുകള്‍ കുത്തിതുറന്ന് മോഷണം നടത്തിയിരുന്നു. സംഘങ്ങളായി തിരിഞ്ഞ് പുലര്‍ച്ചെ കവര്‍ച്ച നടത്തിയ ശേഷം ഉടന്‍ ട്രെയിനില്‍ ഗ്രാമത്തിലേക്ക് കടക്കുന്നതാണ് ഇവരുടെ രീതിയെന്നും പോലീസ് പറഞ്ഞു.
Discussion about this post