ന്യൂഡല്‍ഹി: രാജ്യത്തെ ഗ്രാമങ്ങള്‍ സമ്പൂര്‍ണ വെളിയിട വിസര്‍ജന മുക്തമായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗുജറാത്തിലെ സബര്‍മതി നദിക്കരയില്‍ സ്വഛ് ഭാരത് അഭിയാന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തായിരുന്നു പ്രഖ്യാപനം. ഇന്ത്യയിലെ ഇരുപതിനായിരത്തിലേറെ ഗ്രാമങ്ങള്‍ ഈ നേട്ടം കൈവരിച്ചെന്നും ലക്ഷ്യത്തിലേക്ക് എത്താന്‍ സഹായിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
വൈകിട്ടോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗാന്ധിജി സ്ഥാപിച്ച ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍ എത്തിയത്. കുട്ടികളുമായും ആശ്രമവാസികളുമായി സംവദിച്ച അദ്ദേഹം ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത 150 രൂപയുടെ കോയിനും തപാല്‍ സ്റ്റാമ്പും പുറത്തിറക്കി. രാജ്യത്തെ സമ്പൂര്‍ണ വെളിയിട വിസര്‍ജന മുക്തമായി പ്രഖാപിക്കുന്ന സമയത്ത് ആശ്രമത്തില്‍ എത്താന്‍ കഴിഞ്ഞത് സന്തോഷം നല്‍കുന്നുവെന്ന് മോഡി പറഞ്ഞു.
രാജ്യത്ത് സ്വഛ് ഭാരത് മിഷന്റെ ഭാഗമായി പതിനൊന്ന് ലക്ഷം ശൗചാലയങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. 2022 ഓടെ രാജ്യത്ത് പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്ക് പൂര്‍ണമായും ഒഴിവാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 3.5 ലക്ഷം കോടി രൂപ ജലസംരക്ഷണത്തിനായി സര്‍ക്കാര്‍ ചിലവഴിച്ചതായും അദ്ദേഹം പറഞ്ഞു