ചെന്നൈ: ചെന്നൈ ഐഐടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യാതിരുന്നതിന് ദൂരദര്‍ശനിലെ ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്തു.
ചെന്നൈ ദൂരദര്‍ശന്‍ കേന്ദ്രയിലെ പ്രോഗ്രാം വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ വസുമതിയ്ക്ക് എതിരെ ആണ് നടപടി. വസുമതിയെ സസ്‌പെന്‍ഡ് ചെയ്ത് ദൂരദര്‍ശന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉത്തരവിറക്കി. കേന്ദ്ര സിവില്‍ സര്‍വീസസ് നിയമത്തിലെ പത്താം വകുപ്പ് പ്രകാരമാണ് നടപടി.
അച്ചടക്കനടപടി നിലവിലിരിക്കുമ്പോള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ചെന്നൈ ആസ്ഥാനത്തിന് പുറത്ത് പോകാന്‍ പാടില്ലെന്നും ഉത്തരവിലുണ്ട് ഇന്നലെയാണ് ദൂരദര്‍ശന്‍ സിഇഓ ശശി ശേഖര്‍ വെമ്പട്ടി ഉത്തരവിറക്കിയത്.
സെപ്തംബര്‍ മുപ്പതിനാണ് ചെന്നൈ ഐഐടിയിലെ ബിരുദദാനച്ചടങ്ങില്‍ മോഡി പങ്കെടുത്തത്. ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കുന്നതിനൊപ്പം സിങ്കപ്പൂര്‍-ഇന്ത്യ ‘ഹാക്കത്തണ്‍-2019’ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണവും പ്രധാനമന്ത്രി നിര്‍വഹിച്ചിരുന്നു. രണ്ടാംതവണ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള മോഡിയുടെ ആദ്യ ചെന്നൈ സന്ദര്‍ശനമായിരുന്നു അത്.
Discussion about this post