ന്യൂഡല്‍ഹി: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് കേന്ദ്രം ഉത്തരവിറക്കി. ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുക്കേണ്ട ചെലിവിന്റെ 25 ശതമാനം വഹിക്കാം എന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശമാണ് കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം അംഗീകരിച്ചത്. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് കേന്ദ്രം കേരളത്തിന് കത്ത് കൈമാറി.
ദേശീയപാതാ വികസനത്തിനായുള്ള കരാര്‍ ഒപ്പുവയ്ക്കാനുള്ള സമ്മതം അറിയിച്ചാണ് കത്ത് കൈമാറിയത്. ഇത് സംബന്ധിച്ച കരാറില്‍ കേന്ദ്രവും കേരളവും ഈ മാസം ഒമ്പതിന് ഒപ്പുവെയ്ക്കും.
കേരളത്തിന്റെ നിര്‍ദേശം അംഗീകരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ തന്നെ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരുന്നില്ല. ഇക്കാര്യം നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പടുത്തി.
തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളുടെ സംഘത്തിന് മുന്നില്‍ വച്ച് കടുത്ത ഭാഷയില്‍ നിതിന്‍ ഗഡ്കരി ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരെ ശകാരിച്ചിരുന്നു. ഉടന്‍ ഉത്തരവ് ഇറക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഗഡ്കരി താക്കീത് നല്‍കി.
Discussion about this post