ഔറംഗാബാദ്: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേര്‍ കരുതല്‍ തടങ്കലിലാണ്. എന്നാല്‍ ഇവര്‍ക്കെല്ലാം ഇപ്പോള്‍ പഞ്ചനക്ഷത്ര സൗകര്യം ഒരുക്കിയിട്ടുണ്ടെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് പറയുന്നത്. ഏകദേശം 250നടുത്ത് ആളുകളാണ് കാശ്മീരില്‍ കരുതല്‍ തടങ്കലില്‍ കഴിയുന്നത്. അവരെ താമസിപ്പിച്ചിരിക്കുന്നത് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമാണെന്നാണ് അദ്ദേഹം പറയുന്നത്.
മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ജമ്മു കാശ്മീരില്‍ നേരത്തെ 2500 ആളുകളെയാണ് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിന്നത്. എന്നാല്‍ ഇപ്പോള്‍ 200-250 പേര്‍ മാത്രമാണ് പ്രതിരോധ തടങ്കലില്‍ കഴിയുന്നതെന്നും രാം മാധവ് പറയുന്നു.
കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ആഗസ്റ്റ് നാല് മുതല്‍ കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഉമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, ഷാ ഫൈസല്‍ എന്നിങ്ങനെ പ്രമുഖരും കരുതല്‍ തടങ്കലില്‍ തന്നെയായിരുന്നു.