കൊല്‍ക്കത്ത: ബംഗാളിലും പൗരത്വ രജിസ്ട്രേഷന് നടപ്പിലാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. ഇതു സംബന്ധിച്ച സ്ഥിരീകരണം ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ എത്തുന്ന ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തുമെന്ന് അദ്ദേഹം പറയുന്നു. കൂടാതെ പൗരത്വ രജിസ്ട്രേഷന് നടപ്പിലാക്കുന്നത് കൊണ്ട് ഹിന്ദുക്കള്‍ ഭയപ്പെടേണ്ടതില്ലെന്നും നേതാവ് പറയുന്നു.
എന്‍ആര്‍സി ആസാമില്‍ നടപ്പിലാക്കിയിട്ടുണ്ട്. പക്ഷേ അത് സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു. എന്‍ആര്‍സിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ 11 ഓളം പേര് മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ബംഗാളില്‍ ആക്സിഡന്റില്‍ ജനങ്ങള്‍ മരിച്ചാലും മമത സര്‍ക്കാര്‍ അത് പൗരത്വ രജിസ്ട്രേഷന് പട്ടികയുമായി ബന്ധപ്പെട്ടതാണെന്ന് വരുത്തിത്തീര്‍ക്കുകയും രണ്ട് ലക്ഷം ധനസഹായം നല്‍കുകയും ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് ജനങ്ങള്‍ക്കിടയില്‍ ഭീതിവളര്‍ത്താനുള്ള ശ്രമമാണെന്നും ദിലീപ് ഘോഷ് തുറന്നടിച്ചു. മമത സര്‍ക്കാര്‍ ശ്രമിക്കുന്നതും അതിനാണ്. പൗരത്വ ബില്ലിന് പാര്ലമെന്റിന്റെഅനുമതി ലഭിച്ചിട്ടുണ്ട്. നടപ്പിലാക്കാന്‍ ഇനിയും സമയവുമുണ്ട്. എല്ലാ ഹിന്ദുക്കള്‍ക്കും പൗരത്വം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post