ന്യൂഡല്‍ഹി: ബിഹാറിലെ പ്രളയത്തില്‍ കുടുങ്ങിയ മലയാളി കുടുംബങ്ങളെ രക്ഷപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് ഞായറാഴ്ച 20 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഇവരിലൊരാള്‍ നല്‍കിയ വിവരപ്രകാരം എട്ടുപേരെക്കൂടി രക്ഷപ്പെടുത്തി. ബോട്ടില്‍ കയറ്റി ഇവരെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചതായി ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്ത് അറിയിച്ചു.
ബിഹാറിലെ പട്നയ്ക്കടുത്ത് രാജേന്ദ്രനഗറിലാണ് മലയാളികള്‍ കുടുങ്ങിയത്. വിവരമറിഞ്ഞയുടന്‍ സംസ്ഥാന സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇടപെട്ടു. എ സമ്പത്തും കേരള ചീഫ് സെക്രട്ടറിയും റസിഡന്റ് കമീഷണറും ബിഹാര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തി. മലയാളികള്‍ ഉള്‍പ്പടെയുള്ള 25,000ത്തിലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
രക്ഷപ്പെടുത്തിയ മലയാളികളെ സുരക്ഷിതസ്ഥാനങ്ങളില്‍ പാര്‍പ്പിച്ചതായി എ സമ്പത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച രക്ഷപ്പെടുത്തിയ മലയാളികള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിനിധി പട്നയിലെ മലയാളി സംഘടനകളുമായി ഇടപെട്ട് സൗകര്യമൊരുക്കി.
ബിഹാറിന് പുറമെ യുപി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ പ്രളയത്തില്‍പ്പെട്ട മലയാളികള്‍ക്കും സഹായം എത്തിച്ചതായി സമ്പത്ത് പറഞ്ഞു. അതത് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമെ മലയാളി സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, ഡോക്ടര്‍മാര്‍ തുടങ്ങി അനൗദ്യോഗിക മാര്‍ഗങ്ങളിലൂടെയും മലയാളികള്‍ക്ക് സഹായം എത്തിക്കുന്നുണ്ട്. നളന്ദ മെഡിക്കല്‍ കോളേജില്‍ ജോലിചെയ്യുന്ന മലയാളി നഴ്സുമാരെല്ലാം സുരക്ഷിതരാണ്- സമ്പത്ത് പറഞ്ഞു.
ബീഹാറിലെ പട്‌ന നഗരം കഴിഞ്ഞ മൂന്ന് ദിവസമായി വെള്ളത്തിനടിയിലാണ്. ലക്ഷക്കണക്കിന് പേരാണ് പ്രളയത്തില്‍ കുടുങ്ങിയത്.