ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ പ്രളയത്തിലും മഴക്കെടുതിയിലും മരിച്ചവരുടെ എണ്ണം 120 കടന്നു. തുടര്‍ച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ മാത്രം മരിച്ചത് 87 പേരാണ്. വരുന്ന രണ്ടു ദിവസം കൂടി യുപിയില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. പ്രളയ ബാധിത മേഖലകളില്‍ റെഡ് അലേര്‍ട്ട് തുടരുകയാണ്.
പ്രളയമേഖലയില്‍ രക്ഷപ്രവര്‍ത്തനം തുടരുന്നുണ്ടെങ്കിലും മഴ രക്ഷപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അതേസമയം കേന്ദ്ര സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ബിഹാര്‍ മുഖ്യ മന്ത്രി നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി. മേഖലയില്‍ വെള്ളക്കെട്ട് തുടരുന്നതിനാല്‍ റെയില്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
പ്രളയത്തില്‍ കുടുങ്ങിയ മലയാളികളെ ക്യാമ്പുകളിലേക്ക് മാറ്റിയതായി കേരളാ സര്‍ക്കാര്‍ പ്രത്യേക പ്രതിനിധി എ സമ്പത്ത് പറഞ്ഞു. യുപി സ്വദേശികള്‍ക്ക് പുറമെ രാജസ്ഥാനിലും മദ്ധ്യപ്രദേശിലുമായി ആറു പേരും, ജമ്മുകാശ്മീരില്‍ ഒരാളും, ഗുജറാത്തില്‍ 3 പേരും മരിച്ചതായാണ് വിവരം.
ഉത്താരാഖണ്ഡ്, ജമ്മുകശ്മീര്‍, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നുണ്ട്. പ്രളയം ബാധിച്ച ബിഹാറിലെ പാറ്റ്നയില്‍ 5000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. സംസ്ഥാനത്ത് 300 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്ന് അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് ദാര്‍ഭന്‍ഗ, ഭാഗല്‍പൂര്‍, വെസ്റ്റ് ചമ്പാരന്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച വരെ അവധി നല്‍കി.