നഴ്‌സറി സ്‌കൂള്‍ റാങ്ക് ജേതാക്കളുടെ ഫ്‌ളക്‌സ് വെച്ച് പ്രിയ ഭാരതി ഹൈസ്‌കൂള്‍; പൊങ്കാലയിട്ട് സോഷ്യല്‍മീഡിയ

വളരെ ചെറിയ പ്രായം മുതല്‍ കുട്ടികളില്‍ മത്സരബോധം, അപകര്‍ഷതാ ബോധവും വളര്‍ത്താനേ ഇത്തരം നടപടികള്‍ സഹായിക്കൂവെന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം.

ഹൈദരാബാദ്: രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ടിയും പത്താം ക്ലാസും പ്ലസ് ടൂവിലും ഉന്നത വിജയം നേടുന്നവരും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയവരുമാണ് പൊതുവെ ഫ്‌ളക്‌സുകളില്‍ നിറയാറുള്ളത്. ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് അത്തരത്തിലൊരു ഫ്‌ളക്‌സ് ആണ്. പക്ഷേ മേല്‍പറഞ്ഞവരല്ല ഫ്‌ളക്‌സിലുള്ളത്. നഴ്‌സറി കുട്ടികള്‍ക്ക് ലഭിച്ച റാങ്കുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇപ്പോള്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വളരെ ചെറിയ പ്രായം മുതല്‍ കുട്ടികളില്‍ മത്സരബോധം, അപകര്‍ഷതാ ബോധവും വളര്‍ത്താനേ ഇത്തരം നടപടികള്‍ സഹായിക്കൂവെന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം. ഗരപതി എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ ഭാഗമായി ഹൈദരബാദില്‍ പ്രവര്‍ത്തിക്കുന്ന പ്രിയ ഭാരതി ഹൈസ്‌കൂളാണ് നഴ്‌സറി സ്‌കൂളിലെ റാങ്ക് ജേതാക്കളുടെ ചിത്രം ഫ്‌ളക്‌സ് വെച്ചത്. എല്‍കെജി, യുകെജി വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളാണ് ഫ്‌ളക്‌സില്‍ പ്രിന്റ് ചെയ്തിരിക്കുന്നത്. നഴ്‌സറി വിഭാഗത്തില്‍ 14 പേരും ഒന്നാം ക്ലാസില്‍ 9 പേരും എല്‍കെജിയില്‍ 11 പേരുമാണ് റാങ്ക് പട്ടികയില്‍ ഉള്ളത്.

പാല്‍ കുടിച്ച് തീര്‍ത്തതാണോ ഇവര്‍ക്കായി റാങ്ക് നിര്‍ണ്ണയിക്കാന്‍ നടത്തിയ പരീക്ഷയെന്നാണ് സമൂഹമാധ്യമങ്ങള്‍ ആരായുന്നത്. ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ അമിത സമ്മര്‍ദ്ദത്തിലാക്കാനേ ഇത്തരം നടപടികള്‍ സഹായിക്കൂവെന്ന് വിദഗ്ദരും ചൂണ്ടിക്കാണിച്ചു. റാങ്ക് കിട്ടാതെ ആത്മഹത്യ നഴ്‌സറി കുട്ടികളുടെയും കാലം നാം കാണേണ്ടി വരുമെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.

Exit mobile version