സാമ്പത്തിക പ്രതിസന്ധി തീർക്കാൻ കേന്ദ്രം വീണ്ടും റിസർവ് ബാങ്കിന് മുന്നിൽ; 30,000 കോടി രൂപ ലാഭവിഹിതം ആവശ്യപ്പെടും

പ്രതിസന്ധിയിൽപ്പെട്ട സർക്കാർ ഈ വർഷം ഇത് രണ്ടാം തവണയാണ് റിസർവ് ബാങ്കിന്റെ പണത്തിൽ കൈ വെയ്ക്കുന്നത്.

ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ കേന്ദ്ര സർക്കാർ പണത്തിനായി വീണ്ടും റിസർവ് ബാങ്കിന് മുന്നിൽ. ഈ സാമ്പത്തിക വർഷത്തിന്റെ അവസാനം റിസർവ് ബാങ്കിനോട് 30,000 കോടിരൂപ ലാഭവിഹിതം ആവശ്യപ്പെടുമെന്ന് സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി.

ആറുവർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചനിരക്കും 45 വർഷത്തെ ഏറ്റവും കൂടിയ തൊഴിലില്ലായ്മ നിരക്കുമായി നാണക്കേടിൽ നിൽക്കുന്ന കേന്ദ്രസർക്കാരിന് ഇനി പിടിവള്ളിയായി ഉള്ളത് റിസർവ് ബാങ്കിന്റെ ലാഭവിഹിതം മാത്രമാണ്. പ്രതിസന്ധിയിൽപ്പെട്ട സർക്കാർ ഈ വർഷം ഇത് രണ്ടാം തവണയാണ് റിസർവ് ബാങ്കിന്റെ പണത്തിൽ കൈ വെയ്ക്കുന്നത്.

ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും പിന്നാലെ സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് 1.76 ലക്ഷം കോടി രൂപ നൽകാൻ, ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ റിസർവ് ബാങ്ക് ബോർഡ് തീരുമാനമെടുത്തത് കഴിഞ്ഞമാസമായിരുന്നു. ഇതിനു പിന്നാലെയാണ് ലാഭവിഹിതം എന്നപേരിൽ സർക്കാർ വീണ്ടും പണത്തിനായി സമീപിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 28,000 കോടിരൂപയാണ് ആർബിഐ സർക്കാറിന് ലാഭവിഹിതം നൽകുകയുണ്ടായി.

”ആവശ്യമെങ്കിൽ 25,000 മുതൽ 30,000 കോടി രൂപ ഇടക്കാല ലാഭവിഹിതമായി റിസർവ് ബാങ്കിനോട് അഭ്യർത്ഥിക്കും”-ധനമന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ സൂചന നൽകി. റിസർവ് ബാങ്ക് ഡിവിഡന്റിനു പുറമെ, ആസ്തി വിൽപ്പനയിൽനിന്നും ദേശീയ ചെറുകിട നിക്ഷേപ പദ്ധതിയിൽനിന്നും പണം ശേഖരിക്കാൻ പദ്ധതിയുണ്ടെന്നും അധികൃതർ സൂചന നൽകി.

Exit mobile version