ചെന്നൈ: ഒരു രാജ്യം ഒരു ഭാഷ എന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്താവന വലിയ വിവാദത്തിലാണ് കലാശിച്ചത്. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം വിലപോവില്ലെന്ന് പറഞ്ഞ് നിരവധി പേര്‍ പ്രതിഷേധത്തിനും എത്തിയിരുന്നു. ഏറ്റവും കൂടുതല്‍ പ്രതിഷേധം ഉയര്‍ത്തിയത് തമിഴ് മക്കള്‍ ആയിരുന്നു. വലിയ പ്രക്ഷോഭം തന്നെ നടത്തുവാന്‍ തുനിഞ്ഞ് ഇരിക്കുകയായിരുന്നു തമിഴകം. എന്നാല്‍ ഈ നിലപാടില്‍ നിന്ന് കേന്ദ്രം പിന്‍വാങ്ങിയിരുന്നു. പ്രതിഷേധങ്ങളെ മാനിച്ചായിരുന്നു ഇത്.
എന്നാല്‍ ഇപ്പോള്‍ തമിഴിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത് വന്നിരിക്കുകയാണ്. ഭാരതത്തിലെ ഏറ്റവും പ്രാചീനമായ ഭാഷയാണ് തമിഴെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ താന്‍ തമിഴില്‍ സംസാരിച്ചിരുന്നുവെന്നും, അമേരിക്കയിലും തമിഴിന്റെ കീര്‍ത്തി എത്തിച്ചുവെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
അണ്ണാ ഡിഎംകെയും ബിജെപിയും സംഘടിപ്പിച്ച പാര്‍ട്ടി പരിപാടിയിലാണ് മോഡിയുടെ പ്രസ്താവന. തമിഴ്‌നാട്ടില്‍ രണ്ട് മണ്ഡലങ്ങള്‍ ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെയാണ് മോഡി തമിഴിനെ പുകഴ്ത്തിയത്. മദ്രാസ് ഐഐടി റിസര്‍ച്ച് വിഭാഗത്തിന്റെ ബിരുദദാനച്ചടങ്ങില്‍ മോഡി പങ്കെടുത്തു. വിദ്യാര്‍ത്ഥി സംഘടകള്‍ പ്രതിഷേധം ഉയര്‍ത്തുമെന്ന സൂചനകള്‍ നിലനില്‍ക്കെ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് മോഡിക്കായി ക്രമീകരിച്ചിരിക്കുന്നത്.
ആയിരത്തിലധികം പോലീസുകാരെയും നിരവധി സിസിടിവി ക്യാമറകളും ക്യാംപസിന് അകത്തും പുറത്തുമായി വിന്യസിച്ചിട്ടുണ്ട്. രാവിലെ ഒമ്പതരയോടെ കൂടി ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമി സ്വീകരിച്ചു. ശേഷം ഹെലികോപ്റ്ററിലായിരുന്നു മോഡി ഐഐടിയില്‍ എത്തിച്ചേര്‍ന്നത്. 1.25-ഓടെ പ്രധാനമന്ത്രി ഡല്‍ഹിയിലേയ്ക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.