ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിനായ’വന്ദേ ഭാരതി’ന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായി. പരീക്ഷണ ഓട്ടം വിജയകരമായതിനാല്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ റെയില്‍വേ സര്‍വീസ് ആരംഭിക്കും. ഡല്‍ഹി-ശ്രീ വൈഷ്ണോദേവി കത്ര റൂട്ടിലാണ് പുതിയ ട്രെയിന്‍ സര്‍വിസ് നടത്തുക.
ഈ റൂട്ടില്‍ കൂടിയുള്ള യാത്രയ്ക്ക് സാധാരണ ട്രെയിനുകള്‍ 12 മണിക്കൂര്‍ സമയം എടുക്കുമ്പോള്‍ വന്ദേഭാരതിന് വെറും എട്ടുമണിക്കൂര്‍ മതി ലക്ഷ്യ സ്ഥാനത്ത് എത്താന്‍.
‘വന്ദേ ഭാരതി’ന്റെ വേഗം മണിക്കൂറില്‍ 160 കിലോമീറ്ററാണ്. അതേസമയം ഈ ട്രെയിനിന് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടാന്‍ കഴിയുമെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ സര്‍വീസ് ആരംഭിച്ചാല്‍ ഈ റൂട്ടില്‍ പരമാവധി 130 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ ഓടിക്കുക. 16 കോച്ചുകളുള്ള ട്രെയിന്‍ ഭിന്നശേഷി സൗഹൃദമായിട്ടുള്ളതാണ്. ഇതിനു പുറമെ ഓരോ കോച്ചിലും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.