മുംബൈ: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങി താക്കറെ കുടുംബാംഗം. ചരിത്രത്തിലാദ്യമായാണ് താക്കറെ കുടുംബത്തില്‍ നിന്ന് ഒരാള്‍ മത്സര രംഗത്തേയ്ക്ക് ഇറങ്ങുന്നത്. ഉദ്ധവ് താക്കറെയുടെ മകന് ആദിത്യ താക്കറെയാണ് മത്സരിക്കുന്നത്. തുറുപ്പ് ചീട്ടായ ആദിത്യയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നാണ് ശിവസേന വിശേഷിപ്പിക്കുന്നത്.
ബിജെപിയുമായി സഖ്യത്തിലുള്ള ശിവസേന മുഖ്യമന്ത്രി പദവി വീതം വെക്കണമെന്ന് ആവശ്യപ്പെടാറുണ്ടെങ്കിലും ഇതുവരെ ബിജെപി ഇതിന് തയ്യാറായിട്ടില്ല. ആദിത്യയുടെ പ്രവേശനം ഇതോടെ ബിജെപിക്ക് വന്‍ വെല്ലുവിളി തന്നെയാണ്. തെരഞ്ഞെടുപ്പില്‍ ശിവസേന മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തിന് അരയും തലയും മുറുക്കി രംഗത്തുണ്ടാകുമെന്നാണ് ആദിത്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ശിവസേന ബിജെപിക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
ബിജെപി-ശിവസേന സഖ്യം സീറ്റ് ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുടെ മകന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. സിറ്റിംഗ് എംഎല്‍എമാര്‍ക്കും സീറ്റ് നല്കാന് ശിവസേന തീരുമാനിച്ചിട്ടുണ്ട്. ആദിത്യ താക്കറെയുടെ സ്ഥാര്‍ത്ഥി പ്രഖ്യാപനത്തോടെയാണ് ശിവസേന തെരഞ്ഞെടുപ്പിന് തുടക്കമിട്ടത്. സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി, അമിത് ഷാ, ജെപി നദ്ദ, മുഖ്യമന്ത്രി ഫഡ്നാവിസ് എന്നിവര്‍ ചര്‍ച്ച നടത്തിയിരുന്നു. തിങ്കളാഴ്ച സീറ്റ് വിഭജന പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശിവസേന നേതാക്കള്‍ പറയുന്നു.
Discussion about this post