ന്യൂഡല്‍ഹി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി
പ്ലാസ്റ്റിക് കുപ്പികള്‍ നിരോധിച്ച് ബിജെപി. പാര്‍ട്ടി ആസ്ഥാനത്ത് സമ്മേളനങ്ങള്‍ക്കിടെ നേതാക്കള്‍ക്ക് പ്ലാസ്റ്റിക് കുപ്പിയിലാണ് കുടിവെള്ളം നല്‍കിയിരുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാനം ഉള്‍കൊണ്ട് ഗ്ലാസ് ജാറുകള്‍ ഉപയോഗിക്കാനാണ് തീരുമാനം.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം ഗ്ലാസ് ജാറുകളിലാണ് വെള്ളം നല്‍കിയത്. ഒക്ടോബര്‍ 2 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും നിരോധിക്കാനുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. ഊര്‍ജ വിഭവ മന്ത്രാലയവുമായി ബന്ധപ്പെട്ട ഓഫീസുകളിലും പ്ലാസ്റ്റിക് നിരോധിക്കും.
പാര്‍ലമെന്റിനുള്ളില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിച്ച് കൊണ്ടുള്ള ഉത്തരവും പ്രാബല്യത്തില്‍ വന്നിരുന്നു. രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെതിരെ എല്ലാവരും രംഗത്ത് വരണമെന്ന് പ്രധാനമന്ത്രി മന്‍ കി ബാത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം പരിസ്ഥിതി സൗഹാര്‍ദപരമായ ബാഗുകളും വസ്തുക്കളും ഉപയോഗിക്കാനുമാണ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഹാത്മാ ഗാന്ധിയുടെ 150-ാമത് ജന്മദിന വാര്‍ഷിക വേളയില്‍ ഇത് നടപ്പിലാക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.
ഇന്ത്യയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഇല്ലാതാക്കാന്‍ വലിയ പ്രചരണം സംഘടിപ്പിച്ചുവരികയാണെന്ന് ഐക്യരാഷ്ട്രയുടെ പൊതുസഭയിലും അദ്ദേഹം അറിയിച്ചിരുന്നു.