ചെന്നൈ: ചെന്നൈയിലെ നീറ്റ് പരീക്ഷാ തട്ടിപ്പിൽ ഉൾപ്പെട്ട മലയാളി വിദ്യാർത്ഥിയും പിതാവും പിടിയിൽ. ആൾമാറാട്ടം നടത്തി പരീക്ഷ എഴുതാൻ ഇടനിലക്കാരനും മലയാളിയുമായ ജോർജ് ജോസഫ് എന്നയാൾക്ക് ഇരുപത് ലക്ഷം രൂപ നൽകിയെന്ന് തൃശ്ശൂർ സ്വദേശി രാഹുൽ പോലീസിന് മൊഴി നൽകി. രഹസ്യവിവരത്തെ തുടർന്നാണ് നീറ്റ് പരീക്ഷയിലെ തട്ടിപ്പ് സിബിസിഐഡി അന്വേഷിക്കാൻ ആരംഭിച്ചത്. പിന്നാലെ, ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മൂന്ന് സ്വകാര്യ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾമാർക്കും സിബിസിഐഡി നോട്ടീസ് നൽകുകയായിരുന്നു.
ഇതോടെ, തമിഴ്നാട്ടിലെ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയ മലയാളി വിദ്യാർത്ഥികളിലേക്കും അന്വേഷണം നീളുമെന്നുറപ്പായി. പകരം ആളെ വെച്ച് പരീക്ഷയെഴുതി യോഗ്യത നേടിയ വിദ്യാർത്ഥികളിൽ മൂന്ന് പേർ പിടിയിലായിട്ടുണ്ട്. ഇവരിലൊരാൾ തൃശ്ശൂർ സ്വദേശിയായ രാഹുലാണ്. എസ്ആർഎം മെഡിക്കൽ കോളേജിൽ എംബിബിഎസ് വിദ്യാർത്ഥിയാണ് രാഹുൽ. പകരക്കാരനെ വച്ച് പ്രവേശന പരീക്ഷ എഴുതാൻ ഇരുപത് ലക്ഷം രൂപ ഇടനിലക്കാരൻ ജോർജ് ജോസഫിന് തന്റെ പിതാവ് ഡേവിസ് കൈമാറിയതായി രാഹുൽ മൊഴി നൽകി.
എസ്ആർഎം മെഡിക്കൽ കോളേജ്, ശ്രീബാലാജി മെഡിക്കൽ കോളേജ്, സത്യസായി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയാണ് ഇന്നലെ സിബിസിഐഡി അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്നാണ് ഇവരുടെ രേഖകൾ പരിശോധിച്ചതെന്ന് സിബിസിഐഡി വ്യക്തമാക്കി.
ശ്രീബാലാജി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി പ്രവീൺ, അച്ഛൻ ശരവണൻ, എസ്ആർഎം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി രാഹുൽ, അച്ഛൻ ഡേവിസ്, സത്യസായി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനി അഭിരാമി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. അഭിരാമിയുടെ അച്ഛൻ ദീർഘകാലമായി അസുഖബാധിതനാണ്. അതിനാൽ അറസ്റ്റ് നടപടിയിലേക്ക് കടന്നില്ലെന്നും സിബിസിഐഡി വ്യക്തമാക്കി. നീറ്റ് യോഗ്യത നേടിയവരുടെ വിവരങ്ങൾ പരിശോധിച്ച് പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് സിബിസിഐഡി കത്ത് നൽകി.
തട്ടിപ്പിന്റെ ഇടനിലക്കാരൻ ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ജോർജ് ജോസഫ് മുംബൈയിലെ മുഖ്യസൂത്രധാരനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി പോലീസ് കണ്ടെത്തി. ബംഗളൂരുവിലെ ഇടനിലക്കാരൻ റാഫി, ലക്നൗ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മുഹമ്മദ് ഷാഫി എന്നിവരെയും സിബിസിഐഡി ചോദ്യം ചെയ്ത് വരികയാണ്.
കോയമ്പത്തൂർ, ധർമ്മപുരി,തേനി മെഡിക്കൽ കോളേജുകളിൽ മലയാളി വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാൻ സഹായം നൽകിയ ഇടനിലക്കാരൻ റഷീദിനായും തിരച്ചിൽ തുടരുന്നു.
ഇതിനിടെ, വിദ്യാർത്ഥികളുടെ ആൾമാറാട്ടം സംബന്ധിച്ച് പോലീസിന് വിവരം നൽകിയ തേനി മെഡിക്കൽ കോളേജ് ഡീൻ ഡോ. രാജേന്ദ്രന് ഫോണിലൂടെ വധഭീഷണി ലഭിച്ചതായും പരാതിയുയർന്നിട്ടുണ്ട്.
Discussion about this post