ബിഹാര്‍: ഗംഗാ നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തില്‍ ബിഹാറില്‍ നിരവധി മലയാളികള്‍ കുടുങ്ങി കിടക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് ഗംഗാനദി കരകവിഞ്ഞ് വെള്ളപ്പൊക്കം ഉണ്ടാവുകയായിരുന്നു. പട്നയിലെ രാജേന്ദ്ര നഗറില്‍ ആശുപത്രി ജീവനക്കാരായ മലയാളികളാണ് കുടുങ്ങി കിടക്കുന്നത്.
അതേസമയം, സംഭവത്തില്‍ കേരള സര്‍ക്കാര്‍ ഇടപ്പെട്ടു. മലയാളികള്‍ കുടുങ്ങി കിടക്കുന്ന രാജേന്ദ്ര നഗര്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ ജില്ലാ കളക്ടറുമായി ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്ത് ആശയവിനിമം നടത്തി. വെള്ളപ്പൊക്കത്തില്‍ ദുരിതം നേരിട്ട മലയാളികളുമായി സമ്പത്ത് ഫോണില്‍ നേരിട്ട് ഫോണില്‍ സംസാരിച്ചു. രക്ഷാപ്രവര്‍ത്തകരെ അങ്ങോട്ട് അയക്കണമെന്ന് കളക്ടറോട് എ സമ്പത്ത് ആവശ്യപ്പെട്ടു. ഇവരെ എത്രയും വേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്നാണ് വിവരം.
ഉത്തര്‍പ്രദേശിലും ബിഹാറിലുമാണ് ഇപ്പോള്‍ പ്രളയക്കെടുതി രൂക്ഷമായിരിക്കുന്നത്. ബിഹാറിലെ പട്ന നഗരം വെള്ളത്തില്‍ മുങ്ങിയ സ്ഥിതിയിലാണ്. ഇതുവരെ 48 പേര് മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
മലയാളി ശ്യാംജിത്തിന്റെ വാക്കുകള്‍
രണ്ട് ദിവസമായി മഴ തുടരുന്നതിനാല്‍ പുറത്ത് ഇറങ്ങാന്‍ സാധിക്കുന്നില്ലെന്ന് മലയാളിയായ ശ്യാംജിത്ത് പറയുന്നു. ആഹാര സാധനങ്ങള്‍ എല്ലാം തന്നെ തീര്‍ന്നു. വൈദ്യുതിയുമില്ല വെള്ളവുമില്ല. ഞങ്ങളെ രക്ഷപ്പെടുത്താന്‍ ആരും വരുന്നില്ല.
രാജേന്ദ്ര നഗറില്‍ നിന്നും അല്പം മാറി അറുപത് എഴുപത് മലയാളികള്‍ കുടുംബത്തോടെ താമസിക്കുന്നുണ്ട്. അവരും ബുദ്ധിമുട്ടിലാണ്. ഫോണുകള്‍ ഓഫായതിനാല്‍ ആരുമായും ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. ഞങ്ങള്‍ നില്ക്കുന്ന പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബോട്ട് വന്നാല്‍ മാത്രമേ ഇവിടെ നിന്നും പുറത്ത് കടക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ശ്യാംജിത്ത് പറഞ്ഞു.
Discussion about this post