ന്യൂഡൽഹി: നീണ്ട അമേരിക്കൻ പര്യടനത്തിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി മിന്നാലാക്രമണം ഓർത്തെടുത്ത് അണികളോട് പ്രസംഗം തുടങ്ങി. ‘മൂന്ന് വർഷം മുമ്പ് ഇതുപോലൊരു സെപ്റ്റംബർ 28, ആ രാത്രി മുഴുവൻ ഞാൻ ഉറങ്ങാതെ ഉണർന്നിരുന്നു. ഏത് നിമിഷവും ടെലിഫോൺ ബെല്ലടിക്കുന്നതും കാത്തായിരുന്നു ഞാൻ ഇരുന്നത്’-മോഡി പറഞ്ഞു.
ശനിയാഴ്ച രാത്രി ഡൽഹിയിൽ തിരിച്ചെത്തിയപ്പോൾ ബിജെപി പ്രവർത്തകർ ഒരുക്കിയ സ്വീകരണ യോഗത്തിലായിരുന്നു പ്രധാനമന്ത്രി മിന്നാലാക്രമണവും ഓർത്തെടുത്തത്. അന്നത്തെ രാത്രി ഓർത്തുകൊണ്ട് ധീരരായ നമ്മുടെ സൈനികർക്ക് താൻ അഭിവാദ്യമർപ്പിക്കുന്നുവെന്നും മോഡി പറഞ്ഞു.
19 സൈനികരുടെ മരണത്തിനിടയാക്കിയ ഉറി സൈനികതാവളത്തിലെ ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു നിയന്ത്രണരേഖ കടന്ന് ഇന്ത്യൻ സൈന്യം പാക് ഭീകരകേന്ദ്രങ്ങളെ കടന്നാക്രമിച്ചത്. സെപ്റ്റംബർ 29-ന് രാവിലെയാണ് മിന്നാലാക്രണം നടത്തിയതായി സൈന്യം അറിയിച്ചത്.
യുഎസ് സന്ദർശനം കഴിഞ്ഞ് മടങ്ങിയ മോഡിക്ക് ഡൽഹിയിൽ ബിജെപി പ്രവർത്തകർ വൻ സ്വീകരണമൊരുക്കിയിരുന്നു. ‘2014-ന് ശേഷം ഞാൻ ഇപ്പോഴാണ് യുഎന്നിലേക്ക് പോയത്. അഞ്ച് വർഷത്തിന് ശേഷം അവിടെ എത്തിയപ്പോൾ വലിയ മാറ്റമാണ് കാണാനായത്. ഇന്ത്യയോടുള്ള ആദരവും താത്പര്യവും ഗണ്യമായ വർധിച്ചു. 130 കോടി ജനങ്ങളാണ് അതിന് കാരണം’ സ്വീകരണ യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post