പട്ന: ഇന്ത്യയ്ക്കെതിരെ സംസാരിച്ച പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ബിഹാറിലെ മുസഫർപുർ കോടതിയിൽ കേസ്. അഭിഭാഷകനായ സുധീർ കുമാർ ഓജയാണ് പാക് പ്രധാനമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയ്ക്ക് ഹർജി സമർപ്പിച്ചിരിക്കുന്നത്.
യുഎൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിനിടെ ഇമ്രാൻ ഖാൻ ഇന്ത്യക്കെതിരെ ആക്ഷേപകരമായ പ്രസ്താവനകൾ നടത്തുകയും ആണവ യുദ്ധഭീഷണി മുഴക്കുകയും ചെയ്തുവെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ ഇമ്രാൻ ഖാനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം നൽകണമെന്നാണ് അഭിഭാഷകന്റെ ആവശ്യം.
പാക് പ്രധാനമന്ത്രിയുടെ വാക്കുകൾ ഒരു വിഭാഗം ജനങ്ങളെ പ്രകോപിപ്പിക്കുകയും സമൂഹത്തിൽ അപസ്വരമുണ്ടാക്കാൻ ഇടയാക്കുകയും ചെയ്യുന്നതാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ റദ്ദാക്കിയ നടപടിക്ക് പിന്നാലെ ഇമ്രാൻ ഖാൻ നടത്തിയ പരാമർശങ്ങളെയാണ് ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാണിക്കുന്നത്.
Discussion about this post