ബിജെപിക്കും തലവേദന; കർണാടകയിൽ പാർട്ടി വിടുമെന്ന് ബിജെപി എംഎൽഎ

കോൺഗ്രസ് എംഎൽഎ ആനന്ദ് സിങിന്റെ ആവശ്യത്തെ തുടർന്നാണ് യെദ്യൂരപ്പ വിജയനഗർ ജില്ല രൂപീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.

ബെല്ലാരി: കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾ തുടരുമെന്ന സൂചന നൽകി ബിജെപി പാളയത്തിലും തമ്മിലടി. ഉപതെരഞ്ഞെടുപ്പുകൾ നീട്ടിവെച്ചത് മുഖ്യമന്ത്രി യെദ്യൂരപ്പക്ക് ആശ്വാസമായെങ്കിലും പുതിയ എതിർശബ്ദങ്ങൾ ഉയരുന്നത് യെദ്യൂരപ്പയ്ക്കും ബിജെപിക്കും തലവേദന സൃഷ്ടിക്കുകയാണ്.

ബെല്ലാരി ജില്ല വിഭജിച്ച് വിജയനഗർ ജില്ല രൂപീകരിച്ചാൽ പാർട്ടി വിടുമെന്ന ഭീഷണിയുമായി ബിജെപി എംഎൽഎ ജി സോമശേഖറാണ് രംഗത്തെത്തിയത്. വിജയനഗർ ജില്ല രൂപീകരിക്കുന്നതിനെ കുറിച്ചുള്ള റിപ്പോർട്ട് മന്ത്രിസഭയ്ക്ക് മുമ്പാകെ സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയോട് യെദ്യൂരപ്പ ആവശ്യപ്പെട്ടിരുന്നു. അയോഗ്യനാക്കിയ കോൺഗ്രസ് എംഎൽഎ ആനന്ദ് സിങിന്റെ ആവശ്യത്തെ തുടർന്നാണ് യെദ്യൂരപ്പ വിജയനഗർ ജില്ല രൂപീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. അതിനെ ചൊല്ലിയാണ് എംഎൽഎയുടെ രാജിഭീഷണി.

ബെല്ലാരി ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളിൽ അഞ്ചെണ്ണം കോൺഗ്രസിന്റെ കൈയ്യിലും നാലെണ്ണം ബിജെപിയുടെ കയ്യിലുമാണ്. ബിജെപിയുടെ ആരോഗ്യമന്ത്രി ബി ശ്രീരാമലുവും ജില്ലാ വിഭജനത്തിന് എതിരാണ്.

Exit mobile version