മുംബൈ: മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലാ കോടതിയിലെ ജഡ്ജിയെയും ജീവനക്കാരനെയും പൂട്ടിയിട്ട് അഞ്ജാതന്. കഴിഞ്ഞ ദിവസമാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഉച്ചസമ്മയത്തെ ഇടവേളയില്‍ ആഹാരം കഴിക്കാനായി ചേമ്പറില്‍ നിന്ന് പുറത്തിറങ്ങാന്‍ തുടങ്ങിയ ജഡ്ജിയും ജീവനക്കാരനും മുറിയില്‍ നിന്ന് പുറത്തിറക്കാതെ പൂട്ടിയിടുകയായിരുന്നു.
ജഡ്ജിയുടെ ചേമ്പറിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടിയതിനു പുറമെ ഒരു പേപ്പറും എഴുതി ഒട്ടിച്ച് വച്ചിട്ടുണ്ടായിരുന്നു. നീതി നിഷേധിച്ചതിലുള്ള പ്രതിഷേധമാണെന്നാണ് കുറിപ്പില്‍ പറയുന്നത്. ആരാണ് ഇതിനു പിന്നില്‍ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം നടക്കുന്നതായി പോലീസ് വ്യക്തമാക്കി. ഉച്ചയ്ക്ക് 2നും 2.30 നും ഇടയിലാണ് ജഡ്ജിയുടെ ചേമ്പര്‍ അജ്ഞാതന്‍ പൂട്ടിയിട്ടത്.
”മുംബൈ സെഷന്‍സ് കോടതി സല്മാന് ഖാനെ അഞ്ച് വര്‍ഷത്തേക്ക് ശിക്ഷിച്ചു. എന്നാല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ഹൈക്കോടതിയില്‍ നിന്ന് സല്മാന് ജാമ്യം ലഭിച്ചു. ഞാന്‍ ഇപ്പോഴും നീതിക്കായി വാതിലുകള്‍ കയറിയിറങ്ങുകയാണ്. ഞാന്‍ നികുതി ഒടുക്കുന്നുണ്ട്. ഞാന്‍ നികുതിയടക്കുന്നതുകൊണ്ടാണ് ജഡ്ജിന് ശമ്പളം കിട്ടുന്നത്. എന്നിട്ടും എനിക്ക് നീതി നിഷേധിക്കുന്നുവെങ്കില്‍ കോടതി പൂട്ടിയിടാനും എനിക്ക് അവകാശമുണ്ട്. ഡോ. ഫയസ് ഖാന്റെ നിര്‍ദ്ദേശത്തില്‍ കോടതി സീല്‍ ചെയ്യുന്നു” ഇപ്രകാരമായിരുന്നു ചേമ്പറിന് പുറത്ത് ഒട്ടിച്ച് വച്ചിരുന്ന പേപ്പറില്‍ എഴുതിയിരുന്നത്. സംഭവത്തില്‍ കേസ് എടുത്തതായി പോലീസ് വ്യക്തമാക്കി.
Discussion about this post