സുഷമ സ്വരാജിന്റെ അവസാനത്തെ ആഗ്രഹം നിറവേറ്റി മകൾ ബാൻസുരി; പങ്കുവെച്ച് സ്വരാജ് കൗശൽ

സുഷമ സ്വരാജിന്റെ അവസാന ആഗ്രഹമാണ് മകൾ ബാൻസുരി സ്വരാജ് നിറവേറ്റിയത്.

ന്യൂഡൽഹി: വിടവാങ്ങിയ അമ്മയ്ക്ക് വേണ്ടി മകൾ ആ ആഗ്രഹവും നിറവേറ്റി. അന്തരിച്ച മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ അവസാന ആഗ്രഹമാണ് മകൾ ബാൻസുരി സ്വരാജ് നിറവേറ്റിയത്. കുൽഭൂഷൺ ജാദവ് കേസിൽ അന്താരാഷ്ട്രനീതിന്യായ കോടതിയിൽ ഇന്ത്യയ്ക്ക് വേണ്ടി ഹാജരായതിന് ഹരീഷ് സാൽവെയ്ക്ക് ഫീസായ ഒരു രൂപ അദ്ദേഹത്തിന്റെ വസതിയിലെത്തി സമ്മാനിച്ചാണ് ബാൻസുരി സ്വരാജ് അമ്മയുടെ ആഗ്രഹം നിറവേറ്റിയത്.

സുഷമ സ്വരാജിന്റെ ഭർത്താവും മുൻ മിസോറം ഗവർണറുമായ സ്വരാജ് കൗശൽ ഇക്കാര്യം ചിത്രം സഹിതം ട്വീറ്റ് ചെയ്തു. കുൽഭൂഷൺ ജാദവ് കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഹരീഷ് സാൽവെയാണ് ഇന്ത്യയ്ക്ക് വേണ്ടി ഹാജരായത്. ഈ കേസിൽ ഹാജരായതിന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് ഹരീഷ് സാൽവെ പറഞ്ഞിരുന്നു.

ഇക്കാര്യം അദ്ദേഹവുമായി ഫോണിൽ സംസാരിച്ച സുഷമ സ്വരാജ് സൂചിപ്പിക്കുകയും കേസിന്റെ കാര്യങ്ങളും മറ്റും സംസാരിച്ച സുഷമ അദ്ദേഹത്തോട് തന്നെ കാണാൻ വരണമെന്നും ഫീസായ ഒരു രൂപ നൽകാമെന്നും അന്ന് പറഞ്ഞിരുന്നു.

ഉടൻ തന്നെ നേരിട്ടുവന്ന് കാണാമെന്ന് ഹരീഷ് സാൽവെ പറഞ്ഞെങ്കിലും അധികം വൈകാതെ അന്നു തന്നെ ആരോഗ്യനില വഷളായതിനാൽ സുഷമ സ്വരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുൻ വിദേശകാര്യമന്ത്രിയുടെ മരണശേഷം ഹരീഷ് സാൽവെ ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

Exit mobile version