അലിപുര്‍ ദുവാര്‍: പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടിയ ആനയുടെ കാഴ്ചയാണ് ഇന്ന് സമൂഹമാധ്യമങ്ങളുടെ നെഞ്ചകം തകര്‍ക്കുന്നത്. വേദനകൊണ്ട് പുളഞ്ഞ് ഇഴഞ്ഞു നീങ്ങുന്ന കാട്ടാനയുടെ ദൃശ്യങ്ങള്‍ കണ്ണ് നനയിക്കുന്നതാണ്. പശ്ചിമ ബംഗാളില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. സിലിഗുരി ദുബ്രി ഇന്റര്‍ സിറ്റി എക്സ്പ്രസാണ് കാട്ടാനയെ ഇടിച്ചത്. ആ ഇടിയില്‍ ട്രെയിനിന്റെ എഞ്ചിനും തകര്‍ന്നിട്ടുണ്ട്.
പിന്‍കാലുകളില്‍ പരിക്കേറ്റ് നടക്കാനാവാതെ പാളത്തില്‍ നിന്ന് ഇഴഞ്ഞ് നീങ്ങുന്ന കാട്ടാനയുടെ ദൃശ്യങ്ങള്‍ ട്രെയിനിലുണ്ടായിരുന്ന യാത്രികരാണ് പകര്‍ത്തിയത്. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലാണ് ഇന്ന് രാവിലെ ദാരുണ സംഭവമുണ്ടായത്. വനത്തിലൂടെയുള്ള റെയില്‍വേ പാളം കാട്ടാന മുറിച്ച് കടക്കുന്നതിന് ഇടയിലാണ് അപകടമുണ്ടായത്.
ഈ പാതയിലെ ആദ്യ ട്രെയിന്‍ മുതല്‍ ഈ പാതയില്‍ അപകടങ്ങള്‍ പതിവ് കാഴ്ചയാണ്. വെള്ളിയാഴ്ച രാവിലെ 8.30ഓടെയാണ് അപകടമുണ്ടായത്. പാളത്തില്‍ നിന്ന് മുന്‍കാലുകളില്‍ ബലം നല്കി ചോരയൊലിപ്പിച്ച് ഇഴഞ്ഞ് നീങ്ങുകയായിരുന്നു കാട്ടാന. ഈ ദൃശ്യങ്ങളാണ് ഇന്ന് കണ്ണു നനയിക്കുന്നത്.