ലക്നൗ: ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ മുടങ്ങിയതിനെ തുടര്‍ന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍ കഫീല്‍ ഖാന് കുറ്റക്കാരനല്ലെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍, കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.
ഡിപ്പാര്‍ട്ട്മെന്റ് തല അന്വേഷണ റിപ്പോര്‍ട്ടില്‍ കുറ്റക്കാരനാണെന്ന് സ്ഥാപിക്കാന്‍ കഴിയുന്ന കണ്ടെത്തല്‍ ഉണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഫീല്‍ ഖാന് തെറ്റായ വിവരം പ്രചരിപ്പിക്കുകയായിരുന്നുവെന്നും സര്‍ക്കാര്‍ അറിയിച്ചു.
റിപ്പോര്‍ട്ടിന് മേലുള്ള അന്തിമ നടപടി ഇതുവരെ സ്വീകരിച്ചില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ കഫീല്‍ ഖാന് കുറ്റക്കാരല്ലെന്ന കണ്ടെത്തല്‍ ഉള്ളതായ വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് വിശദീകരണമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രംഗത്ത് എത്തിയത്.
കഫീല്‍ ഖാന് കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കുന്ന വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് മെഡിക്കല്‍ കോളേജ് അഡ്മിനിസ്ട്രേഷന് കഫീല്‍ ഖാന് കൈമാറിയിരുന്നു. സംഭവത്തില്‍ അഴിമതിയോ കൃത്യവിലോപമോ കഫീല്‍ ഖാന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഐഎഎസ് ഉദ്യോഗസ്ഥനായ ഹിമാന്‍ഷു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഫീല്‍ ഖാനെതിരായ ആരോപണം അന്വേഷിച്ചത്.
2017 ആഗസ്റ്റില്‍ അറുപതിലേറെ കുട്ടികളാണ് ഗോരഖ്പൂരില്‍ മരണപ്പെട്ടത്. ഓക്സിജന്‍ വിതരണത്തിലുണ്ടായ പ്രശ്നങ്ങളാണ് മരണകാരണമെന്ന ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് കുട്ടികളുടെ വാര്‍ഡിലെ ഡോക്ടറായ കഫീല്‍ ഖാനെ സസ്പെന്‍ഡ് ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയും ചെയ്തിരുന്നു. ഏഴ് മാസത്തോളമാണ് കഫീല്‍ ഖാന് ജയിലില്‍ കഴിഞ്ഞത്.
റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ രണ്ടു വര്‍ഷം തന്നെ വേട്ടയാടിയ യോഗി സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് കഫീല്‍ ഖാന് ആവശ്യപ്പെട്ടിരുന്നു.
Discussion about this post