ന്യൂഡല്‍ഹി: വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും വ്യവസായ സുഹൃത്ത് അംബാനിയേയും വെട്ടിലാക്കി റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തല്‍. വിമാന കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് കമ്പനിയെ പങ്കാളിയാക്കാന്‍ നിര്‍ബന്ധിത വ്യവസ്ഥയുണ്ടായിരുന്നെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഫ്രഞ്ച് മാധ്യമമായ മീഡിയ പാര്‍ട്ടാണ് ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തുവിട്ടത്.
ദസോള്‍ട്ട് ഏവിയേഷന്‍ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ലോയ്ക് സെഗലാന്‍ ഇത് സംബന്ധിച്ച കാര്യങ്ങള്‍ 2017 മേയ് മാസത്തില്‍ നാഗ്പൂരില്‍ നടന്ന യോഗത്തില്‍ വ്യക്താമാക്കിയതായും മീഡിയാപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ദസോള്‍ട്ട് ഏവിയേഷനില്‍ നിന്ന് ലഭിച്ച രേഖ പ്രകാരം റാഫേല്‍ കരാറിന് അംബാനിയുമായുള്ള പങ്കാളിത്തം ഫലപ്രദമായിരിക്കും എന്ന രീതിയിലാണ് അവതരിപ്പിച്ചത്. 2017 മേയ് 11 നാണ് നാഗ്പൂരിലെ ജീവനക്കാരുടെ പ്രതിനിധികള്‍ക്കായി ദസോള്‍ട്ട് റിലയന്‍സ് എയ്റോസ്പേസ് സംയുക്ത സംരംഭത്തിന്റെ അവതരണ സമയത്ത് ദാസ്വാള്ട്ട് ഏവിയേഷന്‍ ഡെപ്യൂട്ടി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ലോയ്ക് സെഗലെന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘
പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന് ഫ്രാന്‍സിലേക്ക് പോകാനിരിക്കെയാണ് നിര്‍ണായക വെളിപ്പെടുത്തല്‍. നേരത്തെ റാഫേല്‍ ഇടപാടിലെ വിവരങ്ങള്‍ നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.
ഫ്രാന്‍സില്‍ നിന്നും 36 റഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള മോഡി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹരജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.
Discussion about this post