പശ്ചിമഘട്ടത്തിൽ പുതിയ ഇനം പാമ്പിനെ കണ്ടെത്തി; നൽകിയത് താക്കറേയുടെ പേര്; ഗവേഷകസംഘത്തിൽ ഉദ്ദവിന്റെ മകനും

പുതിയയിനം പാമ്പിനെ കണ്ടെത്താൻ നൽകിയ സംഭാവനകൾ പരിഗണിച്ച് പാമ്പിന് തേജസ് താക്കറെയുടെ പേര് നൽകുകയായിരുന്നു.

മുംബൈ: പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ക്യാറ്റ് സ്‌നേക്ക് അഥവാ പൂച്ചക്കണ്ണൻ പാമ്പിന് ശിവസേന പാർട്ടിയെ നയിക്കുന്ന താക്കറേ കുടുംബത്തിന്റെ പേര് നൽകി. പാമ്പിന് താക്കറേസ് ക്യാറ്റ് സ്നേക്ക് (Thackeray’s Cat Snake) എന്നാണ് പേരിട്ടിരിക്കുന്നത്. ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെയുടെ രണ്ടാമത്തെ മകൻ തേജസ് താക്കറെ അടങ്ങിയ സംഘമാണ് പുതിയ ഇനം പാമ്പിനെ കണ്ടെത്തിയത്. പുതിയയിനം പാമ്പിനെ കണ്ടെത്താൻ നൽകിയ സംഭാവനകൾ പരിഗണിച്ച് പാമ്പിന് തേജസ് താക്കറെയുടെ പേര് നൽകുകയായിരുന്നു.

മഹാരാഷ്ട്രയിലെ പശ്ചിമഘട്ട മേഖലയിലെ ജൈവവൈവിധ്യത്തെ കുറിച്ച് ഗവേഷണം നടത്തുന്ന സംഘത്തിലെ അംഗമാണ് തേജസ് താക്കറെ. ബോയ്ഗ ഗണത്തിൽ പെടുന്ന ക്യാറ്റ് സ്നേക്കിലെ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത പ്രത്യേകവിഭാഗത്തിൽ പെടുന്ന പാമ്പിനെയാണ് ഇപ്പോൾ തിരിച്ചറിഞ്ഞത്. തെന്ന് പുണെ ആസ്ഥാനമായ ഫൗണ്ടേഷൻ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷന്റെ ഡയറക്ടർ വരദ് ഗിരി വ്യക്തമാക്കി. 125 കൊല്ലത്തിന് ശേഷമാണ് ഈ വർഗത്തിൽ പെട്ട പുതിയ ഒരിനം പാമ്പിനെ പശ്ചിമഘട്ടമേഖലയിൽ നിന്ന് കണ്ടെത്തുന്നത്. സാതാര ജില്ലയിലെ കോയ്ന മേഖലയിൽ നിന്നാണ് ഇതിനെ കണ്ടെത്തിയതെന്നും ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി (BNHS) വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ജേണലിൽ വിശദീകരിച്ചിട്ടുണ്ട്.

2015 ലാണ് തേജസ് പുതിയയിനത്തെ തിരിച്ചറിഞ്ഞത്. ഫൗണ്ടേഷൻ ഫോർ ബയോ ഡൈവേഴ്സിറ്റി കൺസർവേഷന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫൗണ്ടേഷൻ കൂടുതൽ പഠനം നടത്തുകയും പാമ്പിന്റെ ജീവിതരീതിയും പെരുമാറ്റരീതിയും വ്യക്തമായി തിരിച്ചറിയുകയും ചെയ്തു. നിബിഡ വനത്തിലാണ് ഈയിനം പാമ്പുകൾ സാധാരണയായി കണ്ടുവരുന്നത്. പൂർണവളർച്ചയെത്തിയ പാമ്പുകൾക്ക് മൂന്നടിയോളം നീളമുണ്ടാകാറുണ്ട്. തവളകളുടെ മുട്ടയാണ് ഇവയുടെ പ്രധാനഭക്ഷണം. ഇത് വിഷമുള്ള ഇനമല്ല.

Exit mobile version